പഴയങ്ങാടി: ഡിജിറ്റൽ ഭൂസർവേയ്ക്ക് മാടായിപ്പാറയിൽ സ്ഥാപിച്ച കോർ സ്റ്റേഷന്റെ സോളാർ പാനൽ കാറ്റിൽ പൊട്ടിവീണു. ദിവസങ്ങൾക്ക് മുമ്പ് സ്ഥാപിച്ച സോളാർ പാനലുകളാണ് പൊട്ടിവീണത്. കരാറുകാരൻ പ്രവൃത്തിയിൽ കൃത്രിമം കാണിച്ചതാണ് ചെറിയ ഒരു കാറ്റിൽ സോളാർ പാനൽ പൊട്ടിവീഴുവാൻ കാരണമെന്നാണ് ആക്ഷേപം.
12 അടി ഉയരത്തിൽ ഒരു അടി വീതിയിൽ വൃത്താകൃതിയിൽ ആണ് കോർ സ്റ്റേഷൻ നിർമ്മിച്ചിട്ടുള്ളത്. മാടായിപ്പാറ കൂടാതെ ജില്ലയിൽ മൂന്നു കോർ സ്റ്റേഷനുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്. പയ്യന്നൂർ താബോർ, ആറളം, തലശ്ശേരി എന്നിവിടങ്ങളിലാണ് മറ്റു കോർ സ്‌റ്റേഷനുകൾ സ്ഥാപിച്ചത്. ഒരു കോർ സ്റ്റേഷനിൽ നിന്ന് 40 കിലോമീറ്റർ ചുറ്റളവിൽ സർവേ നടത്താം. 80 ശതമാനം സ്ഥലങ്ങളുടെ സർവേ കോർ സ്റ്റേഷൻ വഴി നടത്താനാകും. ബാക്കി വരുന്ന 20 ശതമാനം സ്ഥലങ്ങളുടെ സർവേ ഡ്രോൺ സംവിധാനം ഉപയോഗിച്ചാണ് നടത്തുക.