kerlabank
കെ.ബി എക്സലൻസ് അവാർഡ് കണ്ണൂർ ജില്ലാതല വിജയികളായ ചെറുതാഴം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിനുവേണ്ടി പ്രസിഡന്റ് സി.എം വേണുഗോപാൽ,​ സെക്രട്ടറി കെ,​ ദാമോദരൻ എന്നിവർ വി. ശിവദാസൻ എം.പിയിൽ നിന്ന് ഏറ്റുവാങ്ങുന്നു

കണ്ണൂർ: കേരള ബാങ്ക് സംസ്ഥാന തലത്തിൽ പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നൽകുന്ന കെ.ബി എക്‌സലൻസ് അവാർഡിന്റെ ജില്ലാതല വിജയികൾക്കുള്ള പുരസ്‌കാര വിതരണവും ബി ദ നമ്പർ വൺ ക്യാംപയിൻ വിജയികൾക്കുള്ള അനുമോദനവും 100ദിന കർമ്മ പദ്ധതി ശിൽപ്പശാലയും നടന്നു. കേരള ബാങ്ക് റീജ്യനൽ ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന അവാർഡ് വിതരണം വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.ബി എക്സലൻസ് അവാർഡിൽ ജില്ലാതലത്തിൽ ചെറുതാഴം സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്, മാടായി കോഓപ്പറേറ്റീവ് റൂറൽ ബാങ്ക്, കടന്നപ്പള്ളി- പാണപ്പുഴ കോഓപ്പറേറ്റീവ് ബാങ്ക് എന്നിവ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. 50001, 25001,10001 രൂപയും മൊമെന്റോയും ആണ് അവാർഡ്.

സംസ്ഥാന സർക്കാർ സർവീസ് കോഓപ്പറേറ്റീവ് ബാങ്കുകൾക്ക് ഏർപ്പെടുത്തിയ സംസ്ഥാനതല പുര്കാരത്തിന് അർഹമായ കതിരൂർ സർവീസ് സഹകരണ ബാങ്കിന് കേരളാ ബാങ്കിന്റെ ഉപഹാരവും കെബി എക്‌സലൻസ് പുരസ്‌കാരവും എം.പി വിതരണം ചെയ്തു. ചടങ്ങിൽ ബി ദി നമ്പർ വൺ ക്യാംപയിൻ മികച്ച പ്രകടനം കാഴ്ചവച്ച കേരള ബാങ്ക് ശാഖകൾക്കുള്ള പുരസ്‌കാര വിതരണവും മുഖ്യപ്രഭാഷണവും എം. വിജിൻ എം.എൽ.എ നിർവഹിച്ചു. മയ്യിൽ ശാഖയാണ് ജില്ലയിലെ മികച്ച ബ്രാഞ്ച്. അഞ്ചരക്കണ്ടി, കരിവെള്ളൂർ ശാഖകൾ രണ്ടും മൂന്നും സ്ഥാനം നേടി
പരമാവധി കിട്ടാക്കടം 100 ദിവസത്തിനുള്ളിൽ പിരിച്ചെടുക്കുക എന്നതാണ് നൂറു ദിന കർമ്മ പരിപാടിയുടെ ലക്ഷ്യം. ശില്പശാല ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ നിർവഹിച്ചു. കേരള ബാങ്ക് സി.ഇ.ഒ പി.എസ് രാജൻ സന്ദേശം നൽകി. സി.ജി.എം കെ.സി സഹദേവൻ മുഖ്യപ്രഭാഷണം നടത്തി. കേരള ബാങ്ക് ഡയറക്ടർ കെ.ജി വത്സലകുമാരി അദ്ധ്യക്ഷയായി. കെ സൂരജ, ലീന കെ, സി.വി റഹ്ന എന്നിവർ സംസാരിച്ചു. കണ്ണൂർ റീജിയണൽ ജനറൽ മാനേജർ ഷിബു എം.പി സ്വാഗതവും സി.പി.സി ഡി.ജി.എം പി.പി മനൂജു നന്ദിയും പറഞ്ഞു.