
കണ്ണൂർ: ധർമടത്ത് വാഹനപരിശോധനയ്ക്കിടെ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മുഴപ്പിലങ്ങാട് സ്വദേശി പി. രാഗിനെയാണ്(27) ധർമ്മടം എസ്. ഐ ധന്യാകൃഷ്ണയുടെയും കണ്ണൂർ സിറ്റി കമ്മിഷണറുടെ കീഴിലുള്ള ഡാൻസഫ് ടീം അംഗങ്ങളും ചേർന്ന് അറസ്റ്റു ചെയ്തത്. ഇയാളിൽ നിന്നും 56ഗ്രാം എം.ഡി. എം. എ പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനോട് വാഹനപരിശോധനയ്ക്കിടെ വാഹനവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ ചോദിക്കുന്നതിനിടെ ഇയാൾക്ക് നിരന്തരം ഫോൺകോളുകൾ വന്നിരുന്നു.
ഇതേ തുടർന്ന് സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് ബൈക്കിൽ ഒളിപ്പിച്ചുവെച്ച നിലയിലാണ് എം.ഡി. എം. എ കണ്ടെത്തിയത്. തുടർന്ന് പൊലിസ് സ്‌റ്റേഷനിലേക്ക് എത്തിക്കുന്നതിനിടെയിൽ യുവാവിന്റെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ട് നിരവധി ഫോൺ കോളുകൾ വന്നതായി പൊലിസ് പറഞ്ഞു. ധർമ്മടം, തലശേരി ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രധാനകണ്ണിയാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു.