kili
കിളികൾ നശിപ്പിച്ച ഷിംജിത്തിന്റെ രക്തശാലി നെൽപ്പാടം

പേരാവൂർ: കനത്ത മഴ പിൻവാങ്ങിയതോടെ ആശ്വസിച്ച നെൽക്കർഷകരെ കണ്ണീരിലാഴ്ത്തി കിളികളുടെ ശല്യം. തില്ലങ്കേരി കാഞ്ഞിരാട്ടെ ജൈവകർഷകൻ ഷിംജിത്തിന്റെയും ഹരീന്ദ്രന്റെയും രണ്ടര ഏക്കറോളമുള്ള നെൽക്കൃഷി കണ്ടാൽ കൃഷി ഉപേക്ഷിക്കാനുള്ള ഇരുവരുടേയും തീരുമാനത്തെ ആരും കുറ്റംപറയില്ല.

എറെ ഔഷധ ഗുണമുള്ള രക്തശാലി ഇനത്തിൽ പെട്ട നെല്ലിന്റെ കതിരാണ് കിളികൾ തിന്ന് തീർക്കുന്നത്. ഏകദേശം കാൽലക്ഷം ഇതിനകം ഇവർ കൃഷിക്കായി ചിലവഴിച്ചു കഴിഞ്ഞു.ഇതിനൊപം തന്നെ കൃഷി ചെയ്ത ചുവന്ന നെല്ല് എന്നറിയപ്പെടുന്ന നസർബാത്തിലും കിളി ശല്യമുണ്ട്. മുൻ വർഷങ്ങളിൽ ശല്യമുണ്ടായിരുന്നെങ്കിലും ഇക്കുറി അതിരൂക്ഷമാണെന്നാണ് ഷിംജിത്ത് പറയുന്നത്.പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചതിനാൽ മോശമല്ലാത്ത വിളവ് പ്രതീക്ഷിച്ചിരുന്നു ഷിംജിത്ത്.ജൈവ വൈവിധ്യ സംരക്ഷണ പ്രവർത്തന മികവിനുള്ള വനമിത്ര പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ കൃഷിക്കാരനാണ് ഇദ്ദേഹം.

കാലാവസ്ഥാ കടമ്പ കടന്നിട്ടും

ഔഷധഗുണം തിരിച്ചറിഞ്ഞ് രക്തശാലി നെൽ വിത്ത് ആവശ്യപ്പെട്ട നിരവധി കർഷകർക്ക് ഇക്കുറി നൽകാൻ കഴിയുമെന്നും കൃഷി വ്യാപിപ്പിക്കാമെന്നുമായിരുന്നു ഷിംജിത്തിന്റെ കണക്കുകൂട്ടൽ. എന്നാൽ കിളികൾ എല്ലാം തകിടം മറിച്ചു. നെല്ല് കതിരണിയുമ്പോൾ പണ്ടുകാലത്ത് ചെറിയ തൂക്കണാംകുരുവികൾ വരാറുണ്ടായിരുന്നെങ്കിലും ചെറിയൊരു ശബ്ദമുണ്ടാക്കുമ്പോൾ തന്നെ അവ പറന്നു പോകുമായിരുന്നു. ഇത് വിളവിനെ കാര്യമായി ബാധിച്ചിരുന്നില്ല. ഇക്കുറി ഇതിൽ നിന്ന് വ്യത്യസ്തരായ കിളികളാണ് എത്തിയിരിക്കുന്നത്. എത്ര ശ്രമിച്ചാലും ഇവ പിന്തിരിയുന്നില്ലെന്ന് കർഷകർ പറയുന്നു.


കിളി ശല്യം പരിഹരിക്കാനും നഷ്ടപരിഹാരം ലഭ്യമാക്കാനും കൃഷി വകുപ്പ് അധികൃതരെ സമീപിച്ചെങ്കിലും കൃഷി സംരക്ഷിക്കാൻ
കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. ഇതിനാൽ നെൽക്കൃഷി ഒഴിവാക്കാനാണ് തീരുമാനം-ഷിംജിത്ത്,​നെൽക്കർഷകൻ