കണ്ണൂർ: ജില്ലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ സഹപാഠി മയക്കുമരുന്ന് നൽകി പീഡിപ്പിച്ചുവെന്ന പരാതിയിൽ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തതായി ചെയർമാൻ അഡ്വ. കെ.വി മനോജ്കുമാർ അറിയിച്ചു. ഈ വിഷയത്തിൽ പൊലീസിന്റെ അന്വേഷണ റിപ്പോർട്ടിനായി സിറ്റി പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാർത്ഥിനി പഠിച്ച സ്‌കൂൾ കമ്മിഷൻ സന്ദർശിച്ചു. വിദ്യാർത്ഥികൾ ലഹരി മാഫിയയുടെ പിടിയിൽ അകപ്പെടാതിരിക്കാൻ പൊലീസിന്റെ പങ്കാളിത്തത്തോടെ സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പുകൾ ശക്തമാക്കണമെന്ന് കെ.വി മനോജ്കുമാർ പറഞ്ഞു.
പോക്‌സോ കേസുകളുമായി ബന്ധപ്പെട്ട് ബാലാവകാശ കമ്മിഷൻ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും അവലോകന യോഗത്തിൽ ബാലാവകാശ കമ്മിഷൻ ചെയർമാൻ അഡ്വ. കെ.വി മനോജ്കുമാർ പങ്കെടുത്തു. കമ്മീഷൻ അംഗം അഡ്വ. ശ്യാമളാദേവി അദ്ധ്യക്ഷയായി. ബാലാവകാശ കമ്മീഷൻ അംഗം
അഡ്വ. ബി. ബബിത, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ വിൻസി ആൻ പീറ്റർ ജോസഫ്, കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ, ശിശുക്ഷേമ സമിതി ജില്ലാ ചെയർമാൻ കെ. രവി, അംഗങ്ങളായ കെ.പി വത്സലൻ, അഡ്വ. എ.പി ഹംസക്കുട്ടി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എം. പ്രീത, ഐ.ടി.ഡി.പി ജൂനിയർ സൂപ്രണ്ട് ടി.കെ സജിത തുടങ്ങിയവർ പങ്കെടുത്തു.