കണ്ണൂർ: ശ്രീകൃഷ്ണജയന്തി ദിനമായ ഇന്നലെ നാടിനെ അമ്പാടിയാക്കി ബാലഗോകുലങ്ങളുടെ നേതൃത്വത്തിൽ വർണാഭമായ ശോഭായാത്രകൾ. ജില്ലയുടെ വിവിധഭാഗങ്ങളിൽ നടന്ന ശോഭായാത്രകളിൽ കുഞ്ഞുങ്ങളും രക്ഷിതാക്കളും ബാലഗോകുലം പ്രവർത്തകരുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. നിരവധി നിശ്ചല ദൃശ്യങ്ങൾ, ഗോപികാ നൃത്തം, പഞ്ചവാദ്യം, മുത്തുക്കുട, കോൽക്കളി, താലപ്പൊലി, കേരളീയ വേഷം ധരിച്ച് അമ്മമാർ, ഭജനസംഘം എന്നിവ മിഴിവേകി. ശ്രീകൃഷ്ണ ജീവിതത്തിലെ വിവിധ മുഹൂർത്തങ്ങൾ നിശ്ചലദൃശ്യമായി അവതരിപ്പിക്കപ്പെട്ടു. ഉണ്ണിക്കണ്ണൻമാരും വൃന്ദാവനത്തിലെ ഗോപികമാരും ശോഭായാത്രയെ വർണാഭമാക്കി.
കണ്ണൂരിൽ എസ്.എൻ പാർക്ക് മുതൽ കണ്ണൂർ തെക്കിബസാർ വരെ നൂറുകണക്കനാളുകളാണ് റോഡരികിൽ തടിച്ചു കൂടിയത്. അഴീക്കോട് ശാന്തിമഠം അധിപൻ സ്വാമി ആത്മചൈതന്യ കണ്ണൂരിലെ ശോഭായാത്ര ഉദ്ഘാടനം ചെയ്തു. റിട്ട. അണ്ടർ സെക്രട്ടറി ഡോ. പി. നാരായണൻ ഗോകുല പതാക കൈമാറി. ആർ.എസ്.എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, കെ.കെ. വിനോദ് കുമാർ, എ. ദാമോദരൻ, ഭാഗ്യശീലൻ ചാലാട്, കെ.ജി. ബാബു, അർച്ചന വണ്ടിച്ചാൽ, ഡോ. പ്രമീള ജയറാം, ഭർഗവൻ നേതൃത്വം നൽകി.
പയ്യന്നൂർ: രാജവീഥികളെ പുളകമണിയിച്ച് നിരവധി കൊച്ചു ഉണ്ണിക്കണ്ണൻമാരും സഖിമാരും ശോഭായാത്രയിൽ അണിനിരന്നു. റോഡിനിരുവശവും ജനങ്ങൾ തിങ്ങിനിന്നിരുന്നു. വിവേകാനന്ദ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ കൊക്കാനിശ്ശേരി കണ്ണങ്ങാട്ട് ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച ശോഭായാത്ര പ്രധാന റോഡ്, സെന്റ് മേരീസ് സ്‌കൂൾ, ജംഗ്ക്ഷൻ വഴി തായിനേരി തുളുവന്നൂർ ക്ഷേത്രപരിസരത്ത് സമാപിച്ചു. പനക്കീൽ ബാലകൃഷ്ണൻ, എം.പി. രവീന്ദ്രൻ, അഡ്വ : കെ.കെ. ശ്രീധരൻ, രാജഗോപാലൻ, എൻ.കെ. ഭാസ്‌കരൻ, മണിയറ രാഘവൻ, സി.കെ. രമേശൻ, രാജേഷ് കാര തുടങ്ങിയവർ നേതൃത്വം നൽകി.
പഴയങ്ങാടി: വെങ്ങര വിവേകാനന്ദ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ വെങ്ങരയിൽ ശോഭായാത്ര നടത്തി. ചെമ്പല്ലിക്കുണ്ട് ആര്യക്കര ഭഗവതി ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിച്ച് വെങ്ങര ഗീതാഭവനിൽ സമാപിച്ചു.
ഇരിട്ടി: മേഖലയിൽ നിരവധി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ ശോഭായാത്രകൾ നടന്നു. വള്ള്യാട് നിന്നും ആരംഭിച്ച ശോഭായാത്ര കീഴൂർ മഹാവിഷ്ണുക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ശോഭായാത്രയുമായി ചേർന്ന് കീഴൂർ ടൗൺ വഴി പയഞ്ചേരിമുക്കിലെത്തി. പയഞ്ചേരിയിൽ നിന്നും എത്തുന്ന ശോഭായാത്ര ഇതുമായി സംഗമിച്ച് ഇരിട്ടി ടൗണിൽ എത്തിച്ചേർന്നു. പെരുമ്പറമ്പിൽ നിന്നും മുക്കട്ടയിൽ നിന്നും എത്തുന്ന ശോഭായാത്രകൾ പാലത്തിന് സമീപം വെച്ച് മഠത്തിൽ നിന്നും എത്തുന്ന ശോഭായാത്രകളുമായി കൂടിച്ചേർന്ന് കിഴൂരിൽ നിന്നും എത്തിയ ശോഭായാത്രകളുമായി ഇരിട്ടി ടൗണിൽ സംഗമിച്ച് നേരംപോക്ക് വഴി കിഴൂർ മഹാവിഷ്ണുക്ഷേത്രപരിസരത്ത് സമാപിച്ചു.
പുന്നാട് വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള ശോഭായാത്രകൾ താഴെ പുന്നാട് ശങ്കരി, അക്കാനിശ്ശേരി മഠം, കുഴുമ്പിൽ അമ്പലം, അത്തപ്പുഞ്ച എന്നിവിടങ്ങളിൽ നിന്നും ആരംഭിച്ച ശോഭായാത്ര കുന്നിന് കീഴേ സംഗമിച്ച് ടൗണിലേക്ക് നീങ്ങി. മീത്തലെപുന്നാട്, കല്ലങ്കോട് തുടങ്ങിയ നാലോളം ഇടങ്ങളിൽനിന്നും പുറപ്പെട്ട ശോഭായാത്രകളും പാലപ്പറമ്പ്, കീഴൂർ കുന്ന് എന്നിവിടങ്ങളിൽ നിന്നും പുന്നാട് ടൗണിലെ മധുരാപുരിയിൽ മഹാസംഗമം തീർത്തു. തുടർന്ന് എല്ലാ ശോഭായാത്രകളും അതാതിടങ്ങളിലേക്ക് തിരിച്ചുപോയി.
പായം ടൗൺ, പടിയൂർ പഞ്ചായത്തിൽ പെരുമണ്ണ്, ഉളിക്കൽ, ആറളത്ത് കീച്ചേരി, പറമ്പത്തെ കണ്ടി,
മുഴക്കുന്ന് അങ്ങാടിക്കടവ് എന്നിവിടങ്ങളിലെല്ലാം ശോഭായാത്രകൾ നടന്നു.
പാപ്പിനിശ്ശേരി: കീച്ചേരി ബാലഗോകുലത്തിന്റെയും പാപ്പിനിശ്ശേരി അഭിമന്യൂ ബാലഗോകുലത്തിന്റെയും നേതൃത്വത്തിൽ പാപ്പിനിശ്ശേരി ചുങ്കം മുത്തപ്പൻ ക്ഷേത്ര പരിസരത്ത് നിന്നാരംഭിച്ച ശോഭായാത്ര ദേശീയ പാത വഴി വടേശ്വരം ശിവക്ഷേത്ര പരിസരത്ത് സമാപിച്ചു. നിരവധി നിശ്ചല ദൃശ്യങ്ങൾ ഘോഷയാത്രയ്ക്ക് പകിട്ടേകി.
പാനൂർ: പുത്തൂർ മടപ്പുര പരിസരത്തു നിന്നും മേലെ പൂക്കോം തെക്കുംഭാഗം തെരു ഗണപതി ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച ശോഭായാത്രകൾ നഗരത്തിൽ സംഗമിച്ച് മഹാശോഭ യാത്രയായി മാറി വള്ളങ്ങാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു.
മേലേ പൂക്കോത്ത് ബി.വി ലക്ഷ്മണൻ അണിയാരം ഗോകുല പതാക കൈമാറി ശോഭായാത്ര ഉദ്ഘാടനം ചെയ്തു. പുത്തൂർ മടപ്പുര പരിസരത്ത് ജയപ്രകാശ് പാനൂർ പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പാനൂരിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ മുരളീധര വാര്യർ കല്യാശ്ശേരി പ്രഭാഷണം നടത്തി. കെ പ്രകാശൻ, എൻ.കെ നാണു, കെ.പി ജിഗീഷ്, ടി. രാജശേഖരൻ, സുരേഷ് ബാബു, എൻ.കെ അനീഷ്, പ്രമോദ് പൊയിലൂർ, ഇ.ടി.കെ രമീഷ്, ശ്രീജേഷ്, ഷിജിലാൽ, പി. സത്യപ്രകാശ്, സി.പി സംഗീത, വി.പി സുരേന്ദ്രൻ, ഇ.പി ബിജു, എ. സജീവൻ, സി.കെ കുഞ്ഞിക്കണ്ണൻ, വി.പി ഷാജി, കെ.സി വിഷ്ണു, ഗിരീഷ്, കെ.കെ ധനഞ്ജയൻ, എൻ. രതി നേതൃത്വം നൽകി.