
മട്ടന്നൂർ: നഗരസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം അവസാനിച്ചു. കലാശക്കൊട്ടിനിടെ യു.ഡി.എഫ്.-എൽ.ഡി.എഫ്. പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി. നഗരത്തോടു ചേർന്നുള്ള വാർഡുകളിലെ കലാശക്കൊട്ട് നഗരത്തിലാണ് നടത്തിയത്.
ബസ് സ്റ്റാൻഡിൽ നടത്തിയ എൽ.ഡി.എഫിന്റെ കലാശക്കൊട്ട് വൈകീട്ട് 5.30 ഓടെ അവസാനിപ്പിച്ചിരുന്നു. എന്നാൽ മട്ടന്നൂർ ജംഗ്ഷനിൽ യു.ഡി.എഫിന്റെ കലാശക്കൊട്ട് തുടർന്നത് എൽ.ഡി.എഫ്. പ്രവർത്തകർ ചോദ്യം ചെയ്തതോടെയാണ് സംഘർഷാവസ്ഥയുണ്ടായത്. ആറോടെയാണ് യു.ഡി.എഫിന്റെ പ്രചാരണം അവസാനിപ്പിച്ചത്. ഇരുവിഭാഗം പ്രവർത്തകർ ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിക്കുകയും ഉന്തും തള്ളുമുണ്ടാകുകയും ചെയ്തു.അരമണിക്കൂറോളം സംഘർഷാവസ്ഥ തുടർന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് കൂടുതൽ സംഘർഷം ഒഴിവാക്കിയത്. തങ്ങൾക്ക് വൈകീട്ട് ആറു വരെയാണ് പോലീസ് സമയം അനുവദിച്ചതെന്ന് യു.ഡി.എഫ്. നേതാക്കൾ പറഞ്ഞു. സ്ഥാനാർഥികളെ ആനയിച്ച് റോഡ് ഷോയും പ്രകടനവും നടത്തിയാണ് എൽ.ഡി.എഫും യു.ഡി.എഫും. പ്രചാരണം അവസാനിപ്പിച്ചത്.പ്രമുഖ നേതാക്കൾ നേതൃത്വം നൽകി. കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ.ഇളങ്കോ, കണ്ണൂർ എ.സി.പി. കെ.വി.ബാബു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തിയിരുന്നു.
സി.പി.എമ്മിന് പരാജയഭീതിയെന്ന് യു.ഡി.എഫ്
മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശകൊട്ട് സി .പി .എം അലങ്കോലപ്പെടുത്താൻ ശ്രമിച്ചത് പരാജയ ഭീതിയിലാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാർട്ടിൻ ജോർജ്ജും ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൾ കരീം ചേലേരിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. തികച്ചും സമാധാനപരമായ തെരഞ്ഞെടുപ്പ് അന്തരീക്ഷം കലുഷിതമാക്കാൻ സി.പി.എം ബോധപൂർവമാണ് ശ്രമിച്ചത്. ആറു മണി വരെ കൊട്ടിക്കലാശത്തിനുള്ള സർവ്വകക്ഷി തീരുമാനം ലംഘിച്ച് പൊലീസും സി.പി.എം നേതാക്കളും മനപൂർവ്വം യു ഡി എഫിനനുവദിച്ച സ്ഥലത്ത് വന്ന് സംഘർഷമുണ്ടാക്കുകയായിരുന്നു. ശോഭയാത്ര നടക്കുന്ന ചില പ്രദേശങ്ങളിൽ 5.30നും മറ്റ് സ്ഥലങ്ങളിൽ 6 മണി വരെയും കൊട്ടിക്കലാശം നടത്താനാണ് കമ്മിഷണറും നിരീക്ഷകരുമടക്കമുള്ളവർ പങ്കെടുത്ത യോഗ തീരുമാനം. അത് അട്ടിമറിച്ച് സിപിഎം ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുകയായിരുന്നു. വലിയ സംഘർഷം ഒഴിവായത് യു.ഡി.എഫ് പ്രവർത്തകർ സംയമനം പാലിച്ചതിനാലാണെന്നും നേതാക്കൾ പറഞ്ഞു.