kilatrima
കിലാട്രിമാറ്റിഡ കുടുംബത്തിലെ അംഗം കിലാട്രിമ നീലഗിരെൻസിസ്

കണ്ണൂർ:കണ്ണൂർ സർവ്വകലാശാല ജന്തുശാസ്ത്ര പഠനവിഭാഗത്തിന് അഭിമാനം പകർന്ന് പുതിയ പരാദത്തിന്റെ കണ്ടെത്തൽ. സർവ്വകലാശാല ഇക്കോളജിക്കൽ പാരസിറ്റോളജി ലബോറട്ടറി ഗവേഷകർ റഷ്യൻ അക്കാഡമി ഓഫ് സയൻസിലെ ഗവേഷകർക്കൊപ്പം ചേർന്നാണ് ഈ നേട്ടത്തിന് അവകാശികളായി. തന്മാത്രാ ജീവ ശാസ്ത്ര സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ പഠനത്തിനൊടുവിലാണ് ചില ശുദ്ധജലമത്സ്യങ്ങളിൽ കഴിഞ്ഞുകൂടുന്ന പരാദങ്ങളെ ജന്തുശാസ്ത്രത്തിന്റെ ശ്രദ്ധയിൽ എത്തിച്ചത്.

ദെവാരിയോ നീലഗിരെൻസിസ്, ലാബിയോ രോഹിത (രോഹു) എന്നീ ശാസ്ത്രീയ നാമങ്ങളിൽ അറിയപ്പെടുന്ന ശുദ്ധജല മത്സ്യങ്ങളിലാണ് കീലാട്രിമാറ്റിഡേ എന്ന പുതിയ കുടുംബത്തിൽ പെട്ട പരാദങ്ങളെ കണ്ടെത്തിയത്.

കീലാട്രിമ നീലഗിരെൻ സിസ്, പാരാ ക്രിപ്ടാട്രിമ ലിമി എന്നീ ശാസ്ത്രീയ നാമങ്ങളുള്ള പരാദങ്ങളാണ് പുതിയ കുടുംബത്തിലെ അംഗങ്ങൾ.ഡി.എൻ.എ അടിസ്ഥാനപ്പെടുത്തിയുള്ള ഈ തൻമാത്രാ വർഗീകരണ പഠനം പരാദങ്ങളുടെ പരിണാമ പഠനത്തിലേക്ക് വെളിച്ചം വീശുന്നുവെന്നത് കണ്ടെത്തലിന്റെ ശാസ്ത്രിയ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ജന്തു ശാസ്ത്ര ഗവേഷണ വിഭാഗത്തിലെ ഗവേഷക പി.കെ.ജിതിലയും പ്രൊഫ.പി.കെ.പ്രസാദനും റഷ്യൻ അക്കാഡമി ഓഫ് സയൻസിലെ ശാസ്ത്രജ്ഞനായ ദിമിത്രി അറ്റോപ്കിനും ചേർന്ന് നടത്തിയ ഈ പഠനത്തിന്റെ കണ്ടെത്തൽ .ലണ്ടനിലെ കാംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിക്കുന്ന ജർണൽ ഓഫ് ഹെൽമിന്തോളജിയുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചു. മാനന്തവാടി ക്യാമ്പസിലെ ജന്തുശാസ്ത്ര വിഭാഗത്തിലെ പഠനങ്ങൾ ഇതിന് മുമ്പും പല തവണ അന്തർദേശീയ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.

ലോകത്തിലെ തന്നെ അതിസമ്പന്ന ജൈവവൈവിദ്ധ്യ മേഖലയായ പശ്ചിമഘട്ട പ്രദേശത്തെ ശുദ്ധജല മത്സ്യങ്ങളെ ബാധിക്കുന്ന പരാദങ്ങളെ കുറിച്ച് നടത്തിക്കൊണ്ടിരിക്കുന്ന ഗവേഷണത്തിനിടയിലുണ്ടായ കണ്ടെത്തൽ പരാദ ശാസ്ത്ര ഗവേഷണത്തിൽ ഒരു നാഴികക്കല്ലാണ് .

പ്രൊഫ.പി.കെ പ്രസാദൻ , തലവൻ, ജന്തു ശാസ്ത്ര വിഭാഗം , കണ്ണൂർ സർവ്വകലാശാല