kudamchal
കുണ്ടേൻചാൽ കോളനിയിൽ അപകടാവസ്ഥയിലുള്ള വീടുകൾ

കണ്ണൂർ: കഴിഞ്ഞ 12 വർഷമായി മണ്ണിടിച്ചിൽ ഭീഷണിയിൽ കഴിയുന്ന ഒരു ഗ്രാമമുണ്ട് ചിറക്കൽ പഞ്ചായത്തിൽ. പതിനാലാം വാർഡിലെ കുണ്ടൻചാൽ കോളനിയാണിത്. ജീവന് ഭീഷണി നേരിട്ട് ഇവിടെ കഴിയുന്നത്. 35 കുടുംബങ്ങൾ. മൂന്നുനിരയിൽ തട്ടുതട്ടായ കുന്നിൻ ചെരിവിലാണ് ഇവരുടെ വീടുകൾ.

ഇതിൽ 12 കുടുംബങ്ങൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട നിർദ്ധനരാണ്. മഴ ആഞ്ഞുപെയ്താൽ ഏതു നിമിഷവും വീടുകൾ നിലം പതിക്കുന്ന സ്ഥിതിയിലാണ്. വർഷങ്ങളായി പഞ്ചായത്ത് അധികൃതരോട് പരാതി പറഞ്ഞിട്ടും യാതൊരു നടപടിയുമില്ലെന്നാണ് ഇവിടുത്തുകാരുടെ ആക്ഷേപം.

പുനരധിവാസം ഒരുക്കുന്നതിനോ വേണ്ട സംരക്ഷണമൊരുക്കുന്നതിനോ അധികൃതർ മുന്നോട്ട് വരുന്നില്ലെന്ന പരാതിയിലാണിവർ. ഈ കാലവർഷത്തിലും മണ്ണിടിച്ചൽ അധിരൂക്ഷമാണ്. തട്ട് തട്ടായുള്ള കുന്നിൻ ചെരുവായതിനാൽ ഷീ​റ്റിട്ട് മൂടിയാണ് മണ്ണിടിച്ചലിനെ തടഞ്ഞ് നിർത്തിയത്. ഇവിടെ 13 നിർദ്ധന ദളിത് കുടുംബങ്ങളിൽ കിടപ്പ് രോഗികളും പ്രായമായവരുമുണ്ട്.

ഈ മഴക്കാലത്തും ഭീഷണി

ഈ മഴക്കാലത്ത് മണ്ണിടിച്ചലിനെ തുടർന്ന് വീടുകളിൽ പലതിലും വലിയ വിള്ളലുകളാണുണ്ടായത്. ഇതു സംബന്ധിച്ച് കളക്ടർക്കും റവന്യൂ, പഞ്ചായത്ത് അധികൃതർക്കും പരാതി നൽകിയിരുന്നു. തുടർന്ന് കളക്ടറുടെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ എ.ഡി.എം ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തഹസിൽദാറും സ്ഥലം എം.എൽ.എയും സ്ഥലത്തെയതിന് പിറകെ സർവ്വകക്ഷി യോഗം ചേർന്ന് അവിടെയുള്ള കുറച്ച് വീട്ടുകാരോട് താമസം മാറി പോകാൻ ആവശ്യപ്പെടുയുമുണ്ടായി.എന്നാൽ നിർദ്ധനരായ ഇവർ മാറിത്താമസിക്കാൻ സാഹചര്യമില്ലാത്ത അവസ്ഥയിൽ അവിടെത്തന്നെ തുടരുകയായിരുന്നു.

വർഷങ്ങളായി കിള ഇടിഞ്ഞുകൊണ്ടിരിക്കുന്നു. മൂന്ന് തവണ സ്വന്തം ചിലവിൽ പരിഹരിച്ചു.പഞ്ചായത്ത് അധികൃതർ വന്ന് ഫോട്ടോയെടുത്ത് പോയതല്ലാതെ നടപടിയൊന്നുമുണ്ടായിട്ടില്ല.ഷീറ്റിട്ട് മൂടിയത് കൊണ്ട് മാത്രമാണ് വീട് നിലം പതിക്കാത്തത് .വീട് വീണാൽ തന്നെ തൊട്ടടുത്തുള്ള വീടും തകരും-പി.ജൂലി,പ്രദേശവാസി

എൻ.ഐ.ടി സംഘമെത്തി

ചിറക്കൽ കുണ്ടൻചാൽ കോളനിവാസികളുടെ പ്രശ്നപരിഹാരത്തിന് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയുടെ (എൻ.ഐ.ടി) സംഘമെത്തി. കോളനിയിലെ അപകടാവസ്ഥ പരിശോധിച്ച് പരിഹരിക്കാൻ എൻഐടിയുടെആദ്യഘട്ട പരിശോധനയാണ് നടന്നത്.
പ്രൊഫ.ഡോ.എസ്.ചന്ദ്രാകരന്റെ നേതൃത്വത്തിലുള്ള സംഘം കോളനി സന്ദർശിച്ച് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വിശദമായ പഠന റിപ്പോർട്ട് സമർപ്പിക്കും. സംഘം കോളനി പരിശോധിച്ച് അളവുകൾ രേഖപ്പെടുത്തി. പരിശോധനക്കായി വിവിധ സ്ഥലങ്ങളിൽ നിന്ന് മണ്ണിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്.
ചെങ്കുത്തായ കുന്നിൻ പ്രദേശമായതിനാൽ ഭൂമി തട്ടുകളായി തിരിച്ചാണ് പ്രദേശത്ത് വീട് നിർമ്മിച്ചിട്ടുള്ളത്. വീടുകളും തട്ടുകളായി മണ്ണ് നീക്കം ചെയ്ത സ്ഥലങ്ങളും തമ്മിലെ അകലം, വെള്ളത്തിന്റെ ഒഴുക്ക് എന്നിവ സംഘം പരിശോധിച്ചു. കുന്നിൻ മുകളിലെ മണ്ണിന് കുത്തനെ എത്രത്തോളം കുത്തനെ നിൽക്കാൻ കഴിയും എന്നറിയുന്നതിന് ഷിയർ സ്‌ട്രെഗ്ത്ത് പരാമീറ്റർ എന്ന പരിശോധന നടത്തേണ്ടതുണ്ട്. പരിശോധനക്ക് ശേഷം മാത്രമേ ആധികാരികമായി പ്രശ്നങ്ങൾ മനസിലാക്കാൻ സാധിക്കൂ. ജിയോ സ്‌ളോപ് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ച് കംപ്യൂട്ടർ മോഡലിംഗും ചെയ്യുമെന്ന് പ്രൊഫ. ഡോ. എസ് ചന്ദ്രാകരൻ പറഞ്ഞു.. എൻ ഐടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും സർവ്വകക്ഷി യോഗം ചേർന്ന് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കെ.വി.സുമേഷ് എം.എൽ.എ അറിയിച്ചു.

ധർണ്ണ 22ന്

പ്രദേശത്ത പ്രശ്നം സംബന്ധിച്ച് തുടർ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള പട്ടികജാതി പട്ടികവർഗ്ഗ എെക്യവേദിയുടെ നേതൃത്വത്തിൽ 22 ന് രാവിലെ പത്തിന് കളക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തും.