കണ്ണൂർ: ജില്ലയിൽ മയക്കുമരുന്ന് കണ്ടെത്താൻ എക്‌സൈസ് റെയ്ഡ് ശക്തമാക്കി. ഓണം സീസണിൽ വ്യാജ മദ്യവില്പനയും ലഹരി കച്ചവടവും വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സ്‌പെഷ്യൽ ഡ്രൈവുമായി പൊലീസും എക്‌സൈസും സജീവമായത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടർച്ചയായി ജില്ലയിൽ നിന്ന് മയക്കുമരുന്നും വ്യാജമദ്യവും പിടിച്ചുവരുന്നുമുണ്ട്. സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരങ്ങളിൽ പ്രത്യേക നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.

മയക്കുമരുന്ന് കേസുകൾ കണ്ടുപിടിക്കാൻ കഴിയുന്ന വിധത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് പ്രത്യേക സമ്മാനവും നൽകും. വിവരങ്ങൾ നൽകുന്നവരുടെ ഫോൺ നമ്പറുകളും പേര് വിവരങ്ങളും രഹസ്യമായി സൂക്ഷിക്കുമെന്നും കണ്ണൂർ എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചു.

കണ്ണൂർ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണറുടെ മേൽനോട്ടത്തിൽ ഒരു പ്രിവന്റീവ് ഓഫീസറുടെ നേതൃത്വത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാതല കൺട്രോൾ റൂം എക്‌സൈസ് ഡിവിഷൻ ഓഫീസിൽ ആരംഭിച്ചു. കൺട്രോൾ റൂമിൽ കിട്ടുന്ന പരാതിയിൽ പെട്ടെന്ന് നടപടി സ്വീകരിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. താലൂക്ക് പരിധികളിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്‌ട്രൈക്ക് ഫോർ യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിലെ 12 റേഞ്ചുകളിലും ഇന്റലിജൻസ് ടീമിനെയും നിയോഗിച്ചു.

ഇതരസംസ്ഥാന തൊഴിലാളികൾക്ക് ഉപയോഗിക്കാനായി പുകയില ഉത്പന്നങ്ങൾ വൻതോതിൽ ജില്ലയിലേക്ക് എത്തുന്നുണ്ടെന്നുള്ള വാർത്തകൾ നേരത്തെ വന്നിരുന്നു. ഇതിന് തടയിടാൻ ശക്തമായ പരിശോധന അതിർത്തി പ്രദേശങ്ങളിലും, ട്രെയിനുകളിലും വരും ദിവസങ്ങളിലും നടത്തും.
കഴിഞ്ഞദിവസം എക്‌സൈസ് സംഘം റെയിൽവേ പ്രൊട്ടക്ഷൻ പൊലീസുമായി ചേർന്ന് റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ അഞ്ചുകിലോ പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. കണ്ണൂർ എക്‌സൈസ് സർക്കിൾ ഓഫീസ് ഇൻസ്‌പെക്ടർ പി.ടി യേശുദാസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കെ സ്വിഫ്റ്റ് ഡ്രൈവറെ മദ്യപിച്ച് ലക്കുകെട്ട രീതിയിൽ അഞ്ചു കുപ്പി മാഹി മദ്യവുമായി കണ്ണൂർ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നിന്നും കഴിഞ്ഞ രാത്രി പൊലീസ് പിടികൂടിയിരുന്നു.