തളിപ്പറമ്പ്: മത്സ്യവണ്ടി കയറ്റുന്നതുമായി ബന്ധപ്പെട്ട് മാർക്കറ്റിലെ മൊത്തകച്ചവട ഏജന്റുമാരും ചെറുകിട മത്സ്യവില്പനക്കാരും തമ്മിലുണ്ടായ സംഘർഷം പൊലീസ് ഇടപെട്ട് ഒത്തുതീർപ്പാക്കി.
മുൻകാലങ്ങളിൽ തളിപ്പറമ്പ് മാർക്കറ്റിൽ രാവിലെ 7 മണിവരെ മൊത്തകച്ചവടക്കാരുടെ മത്സ്യവണ്ടി എത്താറുണ്ട്. കൂടുതൽ വാഹനത്തിൽ മത്സ്യം വരുമ്പോൾ ഇവിടെ സ്ഥിരമായി മത്സ്യം ഇറക്കുന്നവരുടെ കച്ചവടത്തിൽ ഇടിവ് ഉണ്ടാകുന്നുവെന്നതിനാൽ ഇതിന്റെ സമയം രാവിലെ നാലുമണിയാക്കി നിജപ്പെടുത്തിയിരുന്നു. നാലുമണി കഴിഞ്ഞാൽ തലശേരിയിൽ നിന്നും കണ്ണൂരിൽ നിന്നൊക്കെയായി കൊണ്ടുവരുന്ന മത്സ്യം മാർക്കറ്റിൽ കയറ്റാതെ മടക്കി അയയ്ക്കാറാണ് പതിവ്. ഒരു മുന്നറിയിപ്പുമില്ലാതെ വണ്ടി കയറ്റുന്ന സമയം രാവിലെ മൂന്നുമണിയാക്കി കുറച്ചതാണ് സംഘർഷത്തിലേക്കു നയിച്ചത്.
അസോസിയേഷൻ സമയം മാറ്റിയതിൽ മാർക്കറ്റിൽ മത്സ്യം വിൽക്കുന്നവരും തലച്ചുമടായും ഇരുചക്ര വാഹനത്തിൽ മത്സ്യം വിൽക്കുന്നവരുമാണ് പ്രതിഷേധിച്ചത്. ഇതാണ് സംഘർഷത്തിലെത്തിയത്. ഇവർ തമ്മിൽ ഉന്തും തള്ളും ഉണ്ടായതോടെ വിവരമറിഞ്ഞ് പൊലീസെത്തി ഇരു വിഭാഗത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളി യൂനിയൻ (എസ്.ടി.യു) നേതാക്കളായ കബിർ ബക്കളം, പി.കെ.നിസാർ, ഷാഹുൽ, മൊത്തകച്ചവട അസോസിയേഷൻ പ്രതിനിധികളായ മണ്ണൻ സുബൈർ, എം.എം .ഷിഹാബ്, പയ്യന്നൂർ ഷാജഹാൻ എന്നിവർ സി.ഐ. എ.വി ദിനേശൻ. എസ്.ഐ കെ. ദിനേശൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടത്തിയാണ് പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കിയത്. ഇനിമുതൽ രാവിലെ 3.45 വരെ എവിടെനിന്നുമുള്ള മത്സ്യ വാഹനങ്ങൾക്കും മാർക്കറ്റിൽ പ്രവേശിക്കാമെന്ന് ചർച്ചയിലൂടെ തീരുമാനമായി.