പയ്യന്നൂർ: നഗരസഭ പരിധിയിൽ ആറ് മാസത്തിനുള്ളിൽ പുതുതായി നിർമ്മിച്ചവയും അറ്റകുറ്റപ്പണികൾ നടത്തിയിട്ടുള്ളതുമായ റോഡുകളിൽ വിജിലൻസ്, വൻ ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്നും തകർന്നുകിടക്കുന്ന ബൈപ്പാസ് അടക്കമുള്ള റോഡുകൾ എത്രയും പെട്ടെന്ന് പുനർ നിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് പയ്യന്നൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനവും പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രതിഷേധ യോഗവും നടത്തി.

ബ്ലോക്ക് പ്രസിഡന്റ് വി.സി. നാരായണന്റെ അദ്ധ്യക്ഷതയിൽ ഡി.സി.സി ജനറൽ സെക്രട്ടറി എ.പി നാരായണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.പി. മോഹനൻ, അഡ്വ. ഡി.കെ. ഗോപിനാഥ്, പിലാക്കൽ അശോകൻ, വി.എം. പിതാംബരൻ, പ്രശാന്ത് കോറോം, പാറന്തട്ട രമേശൻ തുടങ്ങിയവർ പ്രസംഗിച്ചു.

അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ.കെ. ഫൽഗുനൻ, കൗൺസിലർമാരായ എ. രൂപേഷ്, അത്തായി പദ്മിനി, കെ.കെ. അശോക് കുമാർ എന്നിവർ ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് റോഡ് ഉപരോധിച്ചു

പയ്യന്നൂർ: തകർന്നു കിടക്കുന്ന ബൈപാസ്സ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈപ്പാസ് റോഡ് ഉപരോധിച്ചു. പ്രസിഡന്റ് ഭരത് ഡി. പൊതുവാൾ, കെ.എസ്.യു. മണ്ഡലം പ്രസിഡന്റ് ആകാശ് ഭാസ്കരൻ, ടി.പി. ശ്രീനിഷ്, മഹിത മോഹൻ, പി.വി. വൈശാഖ് , സുനീഷ് തായത്തുവയൽ, അർജുൻ കോറോം, പി. പ്രകാശൻ, വി.വി. വിനയൻ, സനൂപ് മോഹൻ നേതൃത്വം നൽകി.

ബൈപാസ്സ് റോഡ് ഉപരോധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്തു നീക്കുന്നു