
കണ്ണൂർ:മട്ടന്നൂർ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ എൽ.ഡി.എഫിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ .തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് വി.ഡി.സതീശന്റെ പ്രതികരണം.അധികാരത്തിന്റെ ഹുങ്കിൽ എന്തും ചെയ്യാമെന്ന ധാർഷ്ട്യവും സ്വജനപക്ഷപാതവും ജനം തിരിച്ചറിഞ്ഞ് തുടങ്ങിയെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു. എല്ലാവരും മാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിന്റെ തുടക്കമാണ് സി.പി.എമ്മുകാർ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരിൽ കണ്ടത്. ഏത് കോട്ടയും പൊളിയും.മട്ടന്നൂരിൽ എൽ.ഡി.എഫിന് മൃഗീയ ആധിപത്യമുള്ള എട്ട് സീറ്റുകൾ യു.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫിന്റെ സീറ്റ് ഇരട്ടിയായി.
ഒരു വാർഡ് നാല് വോട്ടിനാണ് പരാജയപ്പെട്ടത്. നാല് സീറ്റുകൾ കൂടി നേടിയിരുന്നെങ്കിൽ യു.ഡി.എഫ് നഗരസഭ ഭരിക്കുമായിരുന്നു. ചില സീറ്റുകളിൽ സി.പി.എം -ബി.ജെ.പി ധാരണയും എസ്.ഡി.പി.ഐ സഹായവും ഇല്ലായിരുന്നുവെങ്കിൽ മട്ടന്നൂരിൽ കഥ മാറിയേനെ.കേരളത്തിലെ യു.ഡി.എഫ് സുസജ്ജമാണെന്നതിന്റെ തെളിവ് കൂടിയാണ് മട്ടന്നൂർ. മികച്ച ആസൂത്രണവും ചിട്ടയായ തിരഞ്ഞെടുപ്പ് പ്രവർത്തനവും ഏകോപിപ്പിച്ച കണ്ണൂരിലെ യു.ഡി.എഫ് നേതാക്കളെ അഭിനന്ദിക്കുന്നു.ശക്തമായ രാഷ്ട്രീയ മത്സരത്തിലൂടെ സീറ്റ് ഇരട്ടിയാക്കിയ യു.ഡി.എഫ് പോരാളികളെയും മട്ടന്നൂരിലെ ജനാധിപത്യ വിശ്വാസികളെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നുന്നുവെന്നും അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.