
തിരിച്ചടി പരിശോധിക്കുമെന്ന് എം.വി.ജയരാജൻ
മട്ടന്നൂർ: മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പിൽ തന്റെ വാർഡിൽ എൽ.ഡി.എഫ് തോറ്റെന്നത് വ്യാജ പ്രചാരണമാണെന്ന് മുൻ മന്ത്രിയും സി.പി. എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ.ശൈലജ എം. എൽ. എ. മട്ടന്നൂരിൽ ആറാം തവണയും തുടർച്ചയായി എൽ.ഡി.എഫ് ജയിച്ചതോടെ യു.ഡി.എഫ് കേന്ദ്രങ്ങൾ വ്യാജ പ്രചാരണങ്ങൾ വീണ്ടും തുടങ്ങിയിരിക്കുകയാണെന്ന് ശൈലജ ഫേസ്ബുക്കിൽ കുറിച്ചു.
കെ.കെ.ശൈലജയുടെ ഭർത്താവ് കെ.ഭാസ്‌കരൻ ജയിച്ച വാർഡിൽ ഇക്കുറി സി.പി.എം തോറ്റെന്ന് പ്രചാരണങ്ങൾക്കാണ് സി.പി. എം നേതാവ് മറുപടിയുമായി എത്തിയത്. കെ.ഭാസ്‌കരൻ വിജയിച്ച് നഗരസഭ ചെയർമാനായത് ഇടവേലിക്കൽ വാർഡിൽ നിന്നാണെന്നാണ് ശൈലജ പോസ്റ്റിൽ പറയുന്നത്.
എന്നാൽ എൽ.എസ്.ജി.ഡി വെബ്‌സൈറ്റ് പ്രകാരം 2010ൽ കെ.ഭാസ്‌കരൻ ജയിച്ച് ചെയർമാനായത് പെരിഞ്ചേരി വാർഡിൽ നിന്നാണ്. പെരിഞ്ചേരി വാർഡിൽ ഇക്കുറി യു.ഡി.എഫ് ആണ് ജയിച്ചത്. 42 വോട്ടിനാണ് യു.ഡി.എഫിലെ മിനി രാമകൃഷ്ണൻ ഇത്തവണ പെരിഞ്ചേരിയിൽ വിജയിച്ചത്.
ഫേസ്ബുക്ക് കുറിപ്പിലേക്ക്
ഞാൻ വോട്ട് ചെയ്ത എന്റെ വാർഡിൽ എൽ.ഡി.എഫ് തോറ്റെന്നാണ് പ്രചാരണം. എന്റെ വാർഡ് ഇടവേലിക്കൽ ആണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.രജത 661 വോട്ടാണ് ഈ തിരഞ്ഞെടുപ്പിൽ നേടിയത്. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് മൂന്നക്കം തികയ്ക്കാൻ പോലും കഴിഞ്ഞില്ല. കേവലം 81 വോട്ടാണ് യുഡിഎഫിനായി പോൾ ചെയ്തത്. എൽ.ഡി.എഫിന്റെ ഭൂരിപക്ഷം 580. എന്നിട്ടും യു.ഡി.എഫ് വിജയിച്ചുവെന്നൊക്കെയുള്ള പ്രചാരണം തോൽവിയിലുള്ള ജാള്യത മറച്ചു പിടിക്കാനാണ്.
യു.ഡി.എഫ് പിടിച്ചെടുത്തത് എട്ട് സീറ്റുകൾ, ശക്തി കേന്ദ്രങ്ങളിലും സി.പി.എമ്മിന് തിരിച്ചടി
മട്ടന്നൂരിൽ സംഭവിച്ചതെന്തെന്ന് പാർട്ടി വിശദമായി പരിശോധിക്കുമെന്ന് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. മട്ടന്നൂരിൽ സർക്കാർ വിരുദ്ധ വികാരം ഉണ്ടായിട്ടില്ല. നഗരസഭാ ഭരണത്തിനെതിരായി വികാരവുമില്ല. പാർട്ടിയിൽ ഭിന്നിപ്പോ തിരഞ്ഞെടുപ്പ് നേരിടുന്നതിൽ പാളിച്ചകളോ ഉണ്ടായിട്ടില്ലെന്നും ജയരാജൻ പറഞ്ഞു. ബി.ജെ.പി-കോൺഗ്രസ് ഒത്തുകളി അവിടെ നടന്നു. കോൺഗ്രസിന് വോട്ടു മറിച്ചതിനാൽ ശക്തി കേന്ദ്രങ്ങളിൽ പോലും ബി.ജെ.പി പിന്നിലായി. പ്രത്യുപകാരമായി ബി.ജെ.പിയെ ജയിപ്പിക്കാൻ കോൺഗ്രസ് നേരിട്ട് വോട്ടു പിടിക്കാൻ ഇറങ്ങിയെന്നും ജയരാജൻ ആരോപിച്ചു. മട്ടന്നൂരിൽ കഴിഞ്ഞ തവണ എൽ.ഡി.എഫിന് വൻ മുന്നേറ്റം ഉണ്ടാക്കാനായത് യു.ഡി.എഫിലെ തമ്മിലടി കാരണമാണെന്നും എം.വി.ജയരാജൻ പറഞ്ഞു.