
■ഏഴ് സീറ്റ് പിടിച്ചെടുത്ത് യു.ഡി.എഫ് മുന്നേറ്റം
■ബി.ജെ.പി അക്കൗണ്ട് തുറന്നില്ല
മട്ടന്നൂർ:മട്ടന്നൂർ നഗരസഭാ ഭരണം എൽ.ഡി. എഫ് നിലനിറുത്തി. ആകെ 35 സീറ്റിൽ
21 സീറ്റിൽ എൽ.ഡി. എഫും, 14 സീറ്റിൽ യു.ഡി. എഫും ജയിച്ചു. എൽ.ഡി.എഫിൽ നിന്ന് തങ്ങൾക്ക് 2017ൽ നഷ്ടപ്പെട്ട ഏഴ് സീറ്റ് തിരികെ പിടിക്കാൻ യു.ഡി.എഫിന് സാധിച്ചു. യു.ഡി.എഫിൽ നിന്ന് കയനി വാർഡ് എൽ.ഡി.എഫ് പിടിച്ചെടുത്തു.
ബി.ജെ.പിക്ക് ഇത്തവണയും മട്ടന്നൂർ നഗരസഭയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല.
മൂന്നു വാർഡുകളിൽ രണ്ടാം സ്ഥാനത്തെത്തി. 2012ലെ തിരഞ്ഞെടുപ്പിൽ യു.ഡി. എഫ് 14 സീറ്റുകൾ നേടിയിരുന്നു. 2017ൽ ഇതിൽ പകുതി നഷ്ടപ്പെട്ടു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി. എഫിന് 28 സീറ്റുകളാണുണ്ടായിരുന്നത്. യു.ഡി. എഫിന് ഏഴു സീറ്റും.നെല്ലൂന്നി വാർഡിൽ നിന്നും വിജയിച്ച എൻ.ഷാജിത്ത് ചെയർമാനാകും. 1997ൽ നഗരസഭ രൂപീകരിച്ചതിനു ശേഷമുള്ള അഞ്ച് തിരഞ്ഞെടുപ്പുകളിലും ഇടതുമുന്നണി വൻഭൂരിപക്ഷത്തോടെ വിജയിച്ചിരുന്നു.
എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനും ,യു.ഡി.എഫിന്റെ നില മെച്ചപ്പെടുത്താനും സാധിച്ചത് യു.ഡി.എഫ് പ്രവർത്തകരുടെ ഐക്യത്തിന്റെയും ഒരുമയുടെയും വിജയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. ഏഴു സീറ്റുകൾ നഷ്ടപ്പെട്ടത് പാർട്ടി പരിശോധിക്കുമെന്ന് സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ പ്രതികരിച്ചു.
മട്ടന്നൂർഫലം മാറുന്ന രാഷ്ട്രീയ സൂചന: സുധാകരൻ
തിരുവനന്തപുരം: കേരളത്തിലെ മാറുന്ന രാഷ്ട്രീയത്തിന്റെ ഫലസൂചികയാണ് മട്ടന്നൂർ ഉൾപ്പെടെയുള്ള തദ്ദേശസ്ഥാപനങ്ങളിലെ യു.ഡി.എഫ് മുന്നേറ്റമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പറഞ്ഞു. മട്ടന്നൂർ നഗരസഭയിൽ എൽ.ഡി.എഫിന്റെ ഭൂരിപക്ഷം കുറയ്ക്കാനായത് യു.ഡി.എഫ് പ്രവർത്തകരുടെ ഐക്യത്തിന്റെയും ഒരുമയുടെയും വിജയമാണ്. ജനവിധി അംഗീകരിക്കുന്നു. എങ്കിലും സി.പി.എം ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മട്ടന്നൂരിൽ യു.ഡി.എഫിന്റെ സീറ്റ് 7ൽ നിന്ന് 14 ആയി. കോൺഗ്രസ് -യു.ഡി.എഫ് സംവിധാനങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിച്ച കണ്ണൂർ ഡി.സി.സിയുടെ പ്രവർത്തനം പ്രശംസനീയമാണ്. ഈ ഐക്യത്തിന്റെ സന്ദേശം സംസ്ഥാനം മുഴുവൻ എത്തിക്കാനായാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും എതിരാളികളെ നിഷ്പ്രയാസം നിലംപരിശാക്കാൻ സാധിക്കുമെന്ന് സുധാകരൻ പറഞ്ഞു.