കണ്ണൂർ: കണ്ണൂർ സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയായി പ്രഖ്യാപിച്ചു. കനറാ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ കളക്ടർ എസ്. ചന്ദ്രശേഖർ കണ്ണൂർ, 'സമ്പൂർണ ഡിജിറ്റൽ ബാങ്കിംഗ് ജില്ലയുടെ പ്രഖ്യാപനം നടത്തി. ഡെബിറ്റ് -ക്രെഡിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, യു.പി.ഐ, ആധാർ അധിഷ്ഠിത പണമിടപാട് സേവനം തുടങ്ങി ഏതെങ്കിലും ഒരു ഡിജിറ്റൽ പണമിടപാട് സംവിധാനമെങ്കിലും ഉപയോഗപ്പെടുത്താൻ ഇടപാടുകാരെ പ്രാപ്തരാക്കുകയെന്നതാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. ബാങ്കിംഗ് സേവനങ്ങൾ പരമാവധി ഡിജിറ്റൽ ആക്കുന്നതിനും യോഗ്യതയുള്ള എല്ലാ കറണ്ട് -സേവിംഗ്സ് അക്കൗണ്ടുകളിലും ഡിജിറ്റൽ പണമിടപാട് സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിനും, റിസർവ് ബാങ്കും സംസ്ഥാനതല ലീഡ് ബാങ്കേഴ്സ് സമിതിയും നിർദ്ദേശിച്ചതിനെ തുടർന്നാണ് ജില്ലയിലെ ബാങ്കുകൾ ഈ പദ്ധതി നടപ്പിലാക്കിയത്. ഫുട്‌ബാൾ താരം സി.കെ വിനീത് പ്രതീകാത്മകമായി 'ഗോൾ' വലയിലാക്കിക്കൊണ്ട് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. കനറാബാങ്ക് ഏർപ്പെടുത്തിയ വിദ്യാജ്യോതി സ്‌കോളർഷിപ്പുകൾ ജനറൽ മാനേജർ എസ്. പ്രേംകുമാർ വിതരണം ചെയ്തു. ഡി.ഡി.എം ജിഷിമോൻ, ഡോ. സെഡറിക് ലോറൻസ്, ആർ.ബി.ഐ എ.ജി.എം പ്രദീപ് മാധവ്, കനറാ ബാങ്ക് എ.ജി.എം സത്യപാൽ, ഡി.ഐ.സി ജി.എം ശ്രീ ഷിറാസ്, പി.വി സുരേന്ദ്രൻ സംസാരിച്ചു. കനറാ ബാങ്ക് അസി.ജനറൽ മാനേജർ എ.യു രാജേഷ് സ്വാഗതവും ലീഡ് ബാങ്ക് മാനേജർ ടി.എം രാജ്കുമാർ നന്ദിയും പറഞ്ഞു.