മട്ടന്നൂർ: യു.ഡി.എഫ്, ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടിനെയാണ് മട്ടന്നൂരിലെ പ്രബുദ്ധ വോട്ടർമാർ പരാജയപ്പെടുത്തിയതെന്ന് സി.പി.എം ജില്ലാസെക്രട്ടറി എം.വി.ജയരാജൻ. മതനിരപേക്ഷതയ്ക്കും, വികസനത്തിനും അനുകൂലമായിട്ടാണ് മട്ടന്നൂരിലെ ജനങ്ങൾ സമ്മതിദാന അവകാശം വിനിയോഗിച്ചത്. യു.ഡി.എഫിലെ ഭിന്നത മൂലം അവരുടെ പരമ്പരാഗത വാർഡുകളിൽ ചിലത് 2017 ൽ എൽ.ഡി.എഫിന് ലഭിച്ചിരുന്നു. ഈ വാർഡുകളിൽ ഇത്തവണയും പരാജയപ്പെട്ടേക്കുമെന്ന ഭീതിമൂലം ചില വാർഡുകളിൽ ഇത്തവണ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയെന്നും ജയരാജൻ ആരോപിച്ചു.
ബി.ജെ.പി സഹായത്തോടെ ചില വാർഡുകളിൽ യു.ഡി.എഫിന് ജയിക്കാൻ കഴിഞ്ഞുവെന്നും ജയരാജൻ ആരോപിച്ചു.
2017 ൽ 8 വാർഡുകളിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്ന ബി.ജെ.പി ഇത്തവണ 4 വാർഡിലേക്ക് ഒതുങ്ങേണ്ടി വന്നു. 2017 ൽ ബി.ജെ.പിക്ക് 3280 ലഭിച്ചിരുന്നു. ഇത്തവണ ചില വാർഡുകളിൽ വോട്ട് വർദ്ധിച്ചെങ്കിലും മൊത്തം വോട്ട് ബി.ജെ.പിക്ക് കുറഞ്ഞത് കോൺഗ്രസിന് വോട്ട് മറിച്ചതിനാലാണ്. എൽ.ഡി.എഫിന് പത്തു വാർഡുകളിൽ 300ലധികം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. പതിനെട്ട് വാർഡുകളിൽ എൽ.ഡി.എഫിന് 2017 നെക്കാൾ വോട്ട് വർദ്ധിച്ചു. യു.ഡി.എഫ് പരമ്പരാഗതമായി ജയിക്കുന്ന 5 വാർഡുകളിൽ വോട്ടും ഭൂരിപക്ഷവും കുറഞ്ഞു. ബേരത്ത് യു.ഡി.എഫ് 9 വോട്ടിന് വിജയിച്ചപ്പോൾ എൽ.ഡി.എഫ് അപരന് 21 വോട്ട് കിട്ടിയിരുന്നു. മറ്റ് നാലു വാർഡുകളിൽ യു.ഡി.എഫ് വിജയിച്ചത് 12 മുതൽ 42 വരെയുള്ള വോട്ടുകൾക്കാണ്. എന്നാൽ ആകെ പോൾ ചെയ്ത വോട്ടിന്റെ 50 ശതമാനത്തിലധികം വോട്ടും എൽ.ഡി.എഫിനാണ് ലഭിച്ചതെന്നും എം.വി.ജയരാജൻ അവകാശപ്പെട്ടു.