തലശ്ശേരി: പൈതൃകനഗരത്തിൽ കടലിനും മത്സ്യ മാർക്കറ്റിനും കോട്ടയ്ക്കുമിടയിലുള്ള നൂറ്റാണ്ട് പിന്നിട്ട തലശ്ശേരി ഗവ: ജനറൽ ആശുപത്രിയിൽ നിന്ന് രോഗികളെയും ചികിത്സയും മാറ്റുന്നു. പുതിയ സ്ഥലം കണ്ടെത്താൻ അധികൃതർ ആലോചനതുടങ്ങി. അപകടാവസ്ഥയിലുള്ള രണ്ട് ബ്ലോക്കുകളിൽ നിന്നും രോഗികളെ ഉടൻ മാറ്റും. സൗകര്യമൊരുക്കാൻ സാങ്കേതിക വിദഗ്ദ്ധർ തൊട്ടടുത്ത മൂപ്പൻസ് കോംപ്ലക്സ് പരിശോധിച്ചു. കടൽ കാറ്റേറ്റ് ദ്രവിച്ചു തുടങ്ങിയ തലശ്ശേരി ജനറൽ ആശുപത്രിയെ നിലവിലുള്ള കടപ്പുറം ഭാഗത്തു നിന്നും മാറ്റി സ്ഥാപിക്കാൻ നേരത്തെ തന്നെ ആലോചനയുണ്ടായിരുന്നു. ആയിരക്കണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന ജനറൽ ആശുപത്രി റാങ്കുള്ള ഈ ആതുരാലയം, തീരദേശ നിയമങ്ങളും പുരാവസ്തു വകുപ്പിന്റെ വിലക്കുകളും തടസ്സങ്ങളായി യാതൊരു വിധ വികസനവും നടത്താനാവാതെ വഴിമുട്ടി നിൽക്കുകയാണ്.
വികസന പ്രവൃത്തികളാക്കെ ഇപ്പോൾ മുടങ്ങിക്കിടപ്പാണ്. ഒന്നിച്ചുണ്ടാവേണ്ട അമ്മയും കുഞ്ഞും ആശുപത്രി, പണിയാൻ തീരുമാനിച്ചിട്ടുള്ളത് മൂന്ന് കിലോമീറ്റർ അകലെയുള്ള എരഞ്ഞോളിയിലെ കണ്ടിക്കലിലാണ്. ഇതിനിടെ മാദ്ധ്യമ വാർത്തകളെ തുടർന്ന് ആശുപത്രി കെട്ടിടങ്ങളുടെ ശോച്യാവസ്ഥ നേരിൽ കാണാൻ ആരോഗ്യ വകുപ്പിലെ സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയിരുന്നു. ഇവർ നടത്തിയ പരിശോധനയിൽ പ്രധാനപ്പെട്ട രണ്ട് ബ്ലോക്ക് കെട്ടിടങ്ങൾ തീർത്തും അപകടാവസ്ഥയിലാണെന്ന് ബോധ്യപ്പെട്ടു. ഇവർ നൽകിയ പരിശോധനാ റിപ്പോർട്ടിനെ തുടർന്ന് ഈ ബ്ലോക്കുകളിൽ നിന്നും രോഗികളെ ഉടൻ മാറ്റണമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറിയുടെ കത്തും ജനറൽ ആശുപത്രി അധികൃതർക്ക് ലഭിച്ചു. കത്തിലെ നിർദ്ദേശപ്രകാരമാണ് എ., ബി ബ്ലോക്കുകൾ പൂർണ്ണമായും ഒഴിപ്പിക്കുന്നത്.
കോംപ്ളക്സിൽ പ്രസവ വാർഡ്
ആശുപത്രിക്ക് മുന്നിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള മൂപ്പൻസ് കോംപ്ലക്സിലാണ് പകരം സൗകര്യം ഒരുക്കുന്നത്. ഇവിടം പരിശോധിക്കാൻ നഗരസഭ, പൊതുമരാമത്ത് ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ എൻജിനിയർമാരടക്കമുള്ള സാങ്കേതിക വിദഗ്ദ്ധർ ഇന്നലെ എത്തിയിരുന്നു. നിലവിലുള്ള ആശുപത്രി കെട്ടിടത്തിൽ നിന്നും കോംപ്ളക്സിലേക്ക് റാമ്പ് ഉൾപെടെ സഞ്ചാരവഴികൾ പണിയാനുള്ള ആലോചനയുണ്ട്. ഇതിനായുള്ള ചെലവ് സംബന്ധിച്ചുള്ള കണക്കെടുപ്പും നടക്കുന്നുണ്ട്.
പ്രസവചികിത്സക്ക് ആവശ്യമായ വാർഡും തീയേറ്ററുമാണ് കോംപ്ളക്സിൽ സജ്ജീകരിക്കുക. പണം എൻ.ആർ.എച്ച്.എം ഫണ്ടിൽ നിന്ന് ലഭ്യമാക്കും.
പുതിയ സ്ഥലം കണ്ടെത്തണം
ഒഴിപ്പിക്കുന്ന അടുത്ത ബ്ലോക്കിലെ രോഗികളെ ആശുപത്രി അങ്കണത്തിൽ തന്നെയുള്ള ബേബി വാർഡിലേക്ക് മാറ്റും. ആശുപത്രി വികസന സമിതി യോഗവും ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ആശുപത്രിക്കായി പുതിയ സ്ഥലം കണ്ടെത്താൻ വികസന സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. ഇതിനായി നഗരസഭാ ചെയർപേഴ്സണെ ചുമതലപ്പെടുത്തി. ഒ.പി, ഫാർമസി, ഐ.സി.യു, ശസ്ത്രക്രിയ തീയേറ്റർ, പ്രസവ വാർഡ്, കുട്ടികളുടെ വാർഡ് എന്നീ വിഭാഗം പ്രവർത്തിക്കുന്ന പ്രധാന കെട്ടിടങ്ങളും അത്ര സുരക്ഷിതമല്ല.