ldf

മട്ടന്നൂർ: ചുവപ്പു കോട്ടയായ മട്ടന്നൂരിൽ നാലാം തവണയും എൽ.ഡി.എഫ് ഭരണം നിലനിറുത്തിയെങ്കിലും കഴിഞ്ഞ തവണ നേടിയതിന്റെ ഇരട്ടി സീറ്റുമായി യു.ഡി.എഫ് കളം നിറഞ്ഞു. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷനേതാവുമടക്കം നേരിട്ടെത്തി നടത്തിയ കാമ്പയിൻ ഫലം കണ്ടെന്നാണ് വിലയിരുത്തൽ. ഏഴു വാർഡുകളാണ് യു.ഡി.എഫ് ഇടതുപക്ഷത്തു നിന്ന് പിടിച്ചെടുത്തത്.

സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജയുടെ വീടിനോടു ചേർന്നുള്ള ഇല്ലംഭാഗം ഡിവിഷനിലെ തോൽവിയും ഭർത്താവ് കെ. ഭാസ്കരൻ മുമ്പ് ജയിച്ചിരുന്ന പെരിഞ്ചേരി ഡിവിഷനിലെ യു.ഡി.എഫിന്റെ അട്ടിമറി വിജയവും സി.പി.എം പരിശോധനയ്ക്ക് വിധേയമാക്കും. യു.ഡി.എഫിന്റെ പരമ്പരാഗത വാർഡായ കയനി പിടിച്ചെടുത്തതാണ് എൽ.ഡി.എഫിന് ഇവിടെ എടുത്തുപറയാവുന്ന നേട്ടം. ബി.ജെ.പി സഹായത്താൽ യു.ഡി.എഫ് അവരുടെ പഴയ സീറ്റുകൾ തിരിച്ചു പിടിച്ചെന്ന് സി.പി.എം ജില്ലാസെക്രട്ടറി എം.വി. ജയരാജൻ ആരോപിക്കുന്നു. റെക്കാഡ് ഭൂരിപക്ഷത്തോടെ കെ.കെ. ശൈലജ വിജയിച്ചുകയറിയ മണ്ഡലത്തിലുൾപ്പെട്ടതാണ് മട്ടന്നൂർ നഗരസഭ.

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാവ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താൻ തിരഞ്ഞെടുപ്പിന്റെ തലേദിവസം സിറ്റി പൊലീസ് കമ്മിഷണർ ഇറക്കിയ ഉത്തരവടക്കം പ്രചാരണായുധമാക്കി യു.ഡി.എഫ് സ്വർണക്കള്ളക്കടത്ത്, എ.കെ.ജി സെന്റർ ബോംബേറ്, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ പ്രിയാവർഗീസിന്റെ നിയമനം എന്നിവയും ഉയർത്തി.

അതേസമയം, അക്കൗണ്ട് തുറക്കുമെന്ന് പ്രഖ്യാപിച്ച ബി.ജെ.പിക്ക് ഒരു ചലനവുമുണ്ടാക്കാനായില്ല. ഒൻപതിടത്ത് രണ്ടാംസ്ഥാനത്തുണ്ടായിരുന്ന പാർട്ടി ഇത്തവണ മൂന്നിടത്ത് മാത്രമാണ് രണ്ടാംസ്ഥാനത്തെത്തിയത്.