
കാസർകോട് : ഏറെ കാലത്തെ മുറവിളിക്കൊടുവിൽ കണ്ണൂർ -മംഗളൂരു പാതയിൽ അനുവദിച്ച മെമു യാത്രക്കാർക്കിപ്പോൾ നൽകുന്നത് മുട്ടൻപണി. തുടക്കത്തിൽ ഓടിയിരുന്ന പുത്തൻ മെമു പിൻവലിച്ച റെയിൽവേ അറുപഴഞ്ചൻ ട്രെയിനാണ് ഇപ്പോൾ ഓടിക്കുന്നത്.
ആദ്യ ആഴ്ച മാത്രമായിരുന്നു പുതിയ ട്രെയിൻ ഓടിച്ചത്. ഇപ്പോൾ ഓടുന്ന മെമുവിന്റെ കമ്പാർട്ടുമെന്റിലെ പ്ളാറ്റ്ഫോം പോലും തുരുമ്പിച്ച് ഓട്ട വീണതാണ്. മൂത്രമൊഴിക്കാൻ തോന്നിയാൽ മദ്ധ്യഭാഗത്തോ, പിറകിലോ ഉള്ള കോച്ചിലേക്ക് പോകണം. രാവിലെയും വൈകുന്നേരവും സർക്കാർ ജീവനക്കാരും വിദ്യാർത്ഥികളും സാധാരണക്കാരായ യാത്രക്കാരും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ആശ്രയിക്കുന്ന ട്രെയിനാണ് മെമു.എൻജിൻ ഇടയ്ക്കിടെ പണിമുടക്കാൻ തുടങ്ങിയതോടെ യാത്രക്കാർ വലയുകയാണ്.
എന്നും രാവിലെ 7.40 ന് പുറപ്പെട്ട് 10.55 ന് മംഗളുരുവിലെത്തുന്ന വിധമാണ് മെമുവിന്റെ ഓട്ടം ക്രമീകരിച്ചിരുന്നത്. വൈകുന്നേരം 5.05 ന് പുറപ്പെട്ട് 7.32 നാണ് കണ്ണൂരിലെത്തും.ഇന്നലെ രാവിലെ എൻജിൻ തകരാർ കാരണം ഒരു മണിക്കൂർ വൈകിയാണ് ട്രെയിൻ കാസർകോട് എത്തിയത്.
പാസഞ്ചർ പഴങ്കഥ; നൽകണം എക്സ് പ്രസ് ചാർജ്
പഴയ മംഗളൂരു പാസഞ്ചറിനു പകരമാണ് മെമു ഓടിച്ചത്. ഇതിനായി ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് അത്യാധുനിക മെമു റേക്കുകൾ പാലക്കാട് എത്തിച്ചിരുന്നു. മേയ് 26 ന് രാവിലെ 7.40നാണ് കണ്ണൂരിൽ നിന്നുള്ള ആദ്യ സർവീസ് തുടങ്ങിയത്. അൺറിസർവ്ഡ് എക്സ്പ്രസ് സ്‌പെഷൽ ആയാണ് മെമു സർവീസ് നടത്തുന്നത്. കണ്ണൂരിനും മംഗളൂരുവിനും ഇടയിൽ കൂടുതൽ ട്രെയിനുകൾ മെമു റേക്കിലേക്കു മാറുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ഇതുവരെയുണ്ടായില്ല. മെമു റേക്കുകളുടെ അറ്റകുറ്റപ്പണിക്കുള്ള സൗകര്യം ഡിവിഷനിൽ പാലക്കാട് മാത്രമാണ് നിലവിലുള്ളത്.