vijilence
കേരളാ പൊലീസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേസെഴുത്തിന്റെ പ്രായോഗിക പാഠങ്ങൾ തൂങ്ങി മരണ മാതൃക വച്ച് കൊണ്ട് പഠന ക്ലാസെടുക്കുന്നു

കണ്ണൂർ : പട്ടാപ്പകൽ പൊലീസിന്റെ മൂക്കിനു കീഴെ സുന്ദരിയായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ജനം ഓടിക്കൂടി. സുന്ദരിയുടെ ഇരുകാലുകളും കസേരയിൽ മുട്ടുന്നുണ്ട്. കെട്ടിയ കയറിന്റെ അറ്റം കാണുന്നിടത്തുമല്ല.സമയം രാവിലെ 11 മണി കഴിഞ്ഞിട്ടും മൃതദേഹം നീക്കിയതുമില്ല. ഇൻക്വസ്റ്റ് ചെയ്യാൻ ഉദ്യോഗസ്ഥരെത്തിയില്ലെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥരുടെ മറുപടി.

എന്നാൽ ഇതു വെറും ഡമ്മി ആത്മഹത്യയാണെന്ന് അറിയാൻ അധികം സമയം വേണ്ടി വന്നില്ല. കേരള പോലീസ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജോർജ് ഫ്രാൻസിസ് പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേസെഴുത്തിലെ പ്രായോഗിക പാഠങ്ങൾ എന്ന വിഷയത്തിൽ നടന്നുവരുന്ന ക്ളാസിന്റെ ഭാഗമായാണ് ഇത്തരമൊരു ഡമ്മി ആത്മഹത്യ നടത്തിയത്.

ഇന്നലെ ഇൻക്വസ്റ്റുമായി ബന്ധപ്പെട്ട പരിശീലനമാണ് നടന്നത്. ഓരോ സ്റ്റേഷനിൽ നിന്നും തിരഞ്ഞെടുത്ത 35 പഠിതാക്കളാണ് ക്ലാസിൽ പങ്കെടുക്കുന്നത്. പ്രായോഗികമായി കണ്ടും ചെയ്തും പരിശീലിക്കുക എന്ന മാതൃകയാണ് ഇവിടെ ചെയ്തുവരുന്നത്. ഒരു തൂങ്ങിമരണക്കേസും ഒരു കൊലപാതക കേസും പഠിപ്പിക്കാൻ രണ്ടിന്റെയും ഡമ്മി മാതൃകകൾ ഉണ്ടാക്കിയാണ് പരിശീലനം സംഘടിപ്പിച്ചത്. കണ്ണൂർ ജില്ലാ പൊലീസ് സഹകരണ സംഘത്തിന്റെ സഹായത്തോടുകൂടി നടത്തുന്ന പരിശീലന പരിപാടിയിൽ പഠിതാക്കളെ കൂടാതെ സംഘടന നേതാക്കളായ അസോസിയേഷൻ ജില്ലാ സെക്രട്ടറി സിനീഷ്, ജില്ലാ പ്രസിഡന്റ് സന്ദീപ് കുമാർ, കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കൃഷ്ണൻ, സംസ്ഥാന നിർവാഹക സമിതി അംഗം രാജേഷ് കടമ്പേരി, ജില്ലാ പൊലീസ് സഹകരണ സംഘം പ്രസിഡന്റ് ടി .പ്രജീഷ് തുടങ്ങിയവരും സംബന്ധിച്ചു.

കേസെഴുത്തിലെ അനുഭവസമ്പന്നരായ കേസ് അന്വേഷണത്തിൽ മികവ് തെളിയിച്ച ഓഫീസർമാരെയും പരിശീലകരായി കണ്ടെത്തിയാണ് പരിശീലനം നടത്തുന്നത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ, അസിസ്റ്റന്റ് കമ്മിഷണർ പി.പി.സദാനന്ദൻ, റിട്ടയേഡ് എസ് .ഐ മാരായ രവി, ജയചന്ദ്രൻ, ജില്ലാ ഫോറൻസിക് സർജൻ ഡോക്.അഗസ്റ്റിൻ തുടങ്ങിയ പ്രമുഖരാണ് ക്ലാസ്സ് കൈകാര്യം ചെയ്യുന്നത്. പഠനകേന്ദ്രം അക്കാഡമി കോർഡിനേറ്റർ ഷൈജു മച്ചാത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.