പയ്യന്നൂർ: പദവിയിലും വരുമാനത്തിലും മുന്നിൽ നിൽക്കുന്ന പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ അടിസ്ഥാന വികസനകാര്യത്തിൽ ഏറേ പിന്നിൽ. ജില്ലയിൽ കണ്ണൂർ കഴിഞ്ഞാൽ വരുമാന കാര്യത്തിൽ പയ്യന്നൂരാണ് മുന്നിൽ നിൽക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും 'എ ഗ്രേഡ്" പദവി പേരിൽ മാത്രം ഒതുങ്ങുകയാണ്. ഏഴിമല നാവിക അക്കാഡമി, പെരിങ്ങോം സി.ആർ.പി.എഫ്. കേന്ദ്രം, പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്ക് ആശ്രയിക്കാവുന്ന സ്റ്റേഷനാണിത്. കൂടാതെ പയ്യന്നൂരിലും സമീപങ്ങളിലുമുള്ള വിവിധ വിദ്യാലയങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും, പയ്യന്നൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും വിവിധ ആരാധനാലയങ്ങളിലും എത്തുന്ന ജനങ്ങളും മലയോര പ്രദേശങ്ങളിലുള്ളവരും പയ്യന്നൂർ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നു.

റെയിൽവേ സ്റ്റേഷനിലെത്തിയാൽ ട്രെയിൻ ടിക്കറ്റ് കിട്ടുക തന്നെ പ്രയാസമാണ്. റിസർവേഷൻ, അൺറിസർവേഷൻ ടിക്കറ്റ് കൗണ്ടറുകൾ ആവശ്യത്തിനില്ല.

റിസർവേഷൻ കൗണ്ടർ പേരിന് രണ്ടെണ്ണമുണ്ടെങ്കിലും ഒന്ന് രാവിലെ എട്ട് മുതൽ ഉച്ചക്ക് രണ്ട് വരെ മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. കൊവിഡിന് മുമ്പ് രാവിലെ എട്ട് മുതൽ വൈകിട്ട്‌ എട്ട്‌ മണി വരെ പ്രവർത്തിച്ചിരുന്നു. മറ്റൊരു കൗണ്ടറുള്ളത് രാത്രി എട്ടുമണിവരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ കൗണ്ടറിൽ നിന്നുമാണ് സാധാരണ ടിക്കറ്റുകളും, സീസൺ ടിക്കറ്റുകളും കൊടുക്കുന്നത്. ഇത് കാരണം കൗണ്ടറുകളിൽ മിക്കപ്പോഴും യാത്രക്കാരുടെ നീണ്ട ക്യൂവാണ്. തിരക്ക് കാരണം മിക്ക യാത്രക്കാർക്കും സാധാരണ ടിക്കറ്റുകൾ കിട്ടാത്ത അവസ്ഥയും വരാറുണ്ട്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ മാത്രമാണ് ഇവിടെ നിന്ന് റിസർവേഷൻ ടിക്കറ്റുകൾ നൽകുക. ജീവനക്കാരുടെ കുറവ് പറഞ്ഞ് റെയിൽവേ സ്റ്റേഷനിലെ അന്വേഷണ കേന്ദ്രം പൂട്ടിയിട്ട് ഒരു വർഷത്തോളമായി.

രണ്ട് മാസത്തിനുള്ളിൽ അന്വേഷണ കേന്ദ്രം തുറക്കാമെന്ന് റെയിൽവേ അധികൃതർ സ്ഥലം എം.പിക്ക് നൽകിയ വാക്ക് പോലും പാഴായിരിക്കുകയാണ്. റെയിൽവേ സ്റ്റേഷനിലേക്ക് ഫോൺ വിളിച്ചാൽ മിക്ക സമയങ്ങളിലും കിട്ടാറില്ല. ട്രെയിനുകളിൽ പുറത്ത് നിന്ന് വരുന്നതും ഇവിടെ നിന്ന് കയറ്റി അയക്കേണ്ടുന്നതുമായ പാർസലുകൾ സൂക്ഷിക്കുവാൻ പാർസൽ റൂമില്ലാത്തതും ഏറെ പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ദീർഘദൂര ട്രെയിനുകളിൽ പല സ്റ്റേഷനുകളിലേക്കും ഇവിടെ നിന്ന് പാർസൽ ബുക്കിംഗ് ഇല്ല. ആഴ്ചയിൽ ഒന്നും രണ്ടും ദിവസങ്ങളിൽ ഓടുന്ന പല ദീർഘദൂര ട്രെയിനുകൾക്കും പയ്യന്നൂരിൽ സ്റ്റോപ്പില്ല.

വെയിലും മഴയും കൊള്ളണം

ഒന്നും രണ്ടും പ്ലാറ്റ്ഫോമുകളിൽ എല്ലാ ഭാഗങ്ങളിലും മേൽക്കൂര ഇല്ലാത്തതുകാരണം യാത്രക്കാർ വെയിലും മഴയും കൊള്ളേണ്ട സ്ഥിതിയാണ്. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിൽ പണംകൊടുത്ത് ഉപയോഗിക്കുന്ന ടോയ് ലറ്റ് മിക്ക ദിവസങ്ങളിലും പരിപാലനത്തിന് ആളില്ലാത്തതിനാൽ അടഞ്ഞ് കിടക്കുന്നു. രണ്ടാമത്തെ പ്ലാറ്റ്ഫോമിൽ ടോയ് ലറ്റേയില്ല.

പാർക്കിംഗിന് റോഡ് തന്നെ

പരിമിതമായ തോതിലുള്ള പാർക്കിംഗ് കേന്ദ്രത്തിൽ എത്തുന്ന വാഹനങ്ങളിൽ പത്ത് ശതമാനം പോലും ഉൾക്കൊള്ളാനാകുന്നില്ല. സർവീസ് റോഡും റെയിൽവേ സ്റ്റേഷൻ റോഡും ഒന്നായിട്ടുള്ള അപൂർവ്വം സ്റ്റേഷനുകളിൽ ഒന്നാണ് പയ്യന്നൂർ. വീതി കുറഞ്ഞ ഈ റോഡിൽ തന്നെയാണ് സ്റ്റേഷനിലേക്ക് എത്തുന്ന വാഹനങ്ങളും പാർക്ക് ചെയ്യുന്നത്. ഇത് കാരണം മിക്കപ്പോഴും ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്.