കൂത്തുപറമ്പ്: നിർമ്മലഗിരിക്കടുത്ത മൂന്നാംപീടികയിൽ വൻതീപിടുത്തം. കണ്ടേരി റോഡിൽ കെ.ബി ട്രേഡ് ലിങ്ക്സ് പ്രവർത്തിക്കുന്ന കെട്ടിടത്തിനാണ് തീ പിടിച്ചത്. ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു എം ബാലന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ തീപിടുത്തം ഉണ്ടായത്. ശീതള പാനീയങ്ങൾ, അമൂൽ കമ്പനിയുടെ ഉൽപ്പന്നങ്ങൾ എന്നിവ സൂക്ഷിച്ചിരുന്ന ഗോഡൗണിലായിരുന്നു തീപിടുത്തം. ഉത്പന്നങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.
അതോടൊപ്പം കെട്ടിടത്തിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. കെട്ടിടത്തിന് പുറത്തുണ്ടായിരുന്ന വാഹനത്തിനും തീപിടിച്ചു. കൂത്തുപറമ്പ്, മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് മൂന്ന് മണിക്കൂറോളം നടത്തിയ ശ്രമത്തെ തുടർന്ന് തീ അണച്ചത്. തീ അണയ്ക്കുന്നതിനിടയിൽ ചില്ല് പൊട്ടി ഫയർമാൻ ബിനോയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കോടിയോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
അഗ്നിക്കിരയാക്കിയ സാധനങ്ങൾ പിന്നീട് നാട്ടുകാർ ചേർന്ന് നീക്കം ചെയ്തു. ഷോർട്ട് സെർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂത്തുപറമ്പ് പൊലീസും ഫയർ ആൻഡ് റസ്ക്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.