onampoov
ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പൂകൃഷിയുടെ വിളവെടുപ്പ് അഴീക്കോട് ചാൽ ബീച്ചിൽ സിലേഷിന്റെ പൂകൃഷിയിടത്തിൽ ഉദ്ഘാടനം ചെയ്തതിനു ശേഷം സെൽഫിയെടുക്കുന്ന മുൻമന്ത്രി പി.കെ ശ്രീമതി, ജില്ലാ പഞ്ചായത്ത് പ്രസി. പി.പി ദിവ്യ, വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ എന്നിവർ

കണ്ണൂർ: അന്യസംസ്ഥാന പൂക്കൾ കൊണ്ട് പൂക്കളം തീർക്കുന്ന പതിവ് തെറ്റിക്കാൻ കണ്ണൂരിന്റെ തുടക്കം. വയലുകളും തണ്ണീർത്തടങ്ങളും നികത്തപ്പെടുകയും കുന്നുകൾ ഇടിച്ചുതീർക്കുകയും ചെയ്തതുവഴി നാട്ടുപൂക്കൾ ഇല്ലാതായെങ്കിലും ചെണ്ടുമല്ലിയും ജമന്തിയും വിളയിച്ചെടുത്ത് പുത്തനദ്ധ്യായം തീർക്കുകയാണ് കണ്ണൂർ ജില്ലാപഞ്ചായത്ത്.

ഓണത്തിന് ഒരു കൊട്ട പൂവ് എന്ന പദ്ധതിയുടെ രണ്ടാം വർഷത്തിലാണ് ജില്ലാ പഞ്ചായത്ത് ഇക്കുറിയും ചെണ്ടുമല്ലികയും ജമന്തിയുടെയും കൃഷി നടത്തിയത്. നേരത്തെ ജില്ലാ പഞ്ചായത്ത് നേരിട്ടാണ് കൃഷിയിറക്കിയതെങ്കിൽ ഇക്കുറി കർഷകരെ കൃഷിയിറക്കാൻ സഹായിക്കുകയായിരുന്നു.
ജില്ലാ പഞ്ചായത്ത് ഓണത്തിന് ഒരു കൊട്ട പൂവ് പദ്ധതി പ്രകാരമുള്ള പൂ കൃഷിയുടെ വിളവെടുപ്പ് അഴീക്കോട് ചാൽ ബീച്ചിലാണ് നടന്നത്. കർഷകനായ സിലേഷിന്റെ പൂകൃഷിയിടത്തിൽ പൂക്കളുടെ വിളവെടുപ്പ് മുൻ മന്ത്രി പി.കെ. ശ്രീമതിയാണ് ഉദ്ഘാടനം ചെയ്തത്.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ പഞ്ചായത്തംഗം എൻ.പി ശ്രീധരൻ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുക്കുന്നതിനായും സെൽഫിയെടുക്കാനുമായി സ്ത്രീകളും കുട്ടികളുമടക്കം നൂറു കണക്കിനാളുകൾ എത്തിയിരുന്നു.