മട്ടന്നൂർ: ചാവശ്ശേരിയിൽ ആർ.എസ്.എസ് -എസ്.ഡി.പി.ഐ സംഘർഷത്തിൽ ആറു വീടുകളും കാറും തകർത്ത സംഭവത്തിൽ ഇരുവിഭാഗങ്ങളിലും ഉൾപ്പെട്ട ആറുപേരെ പൊലീസ് അറസ്റ്റു ചെയ്തു. നേരത്തെ കസ്റ്റഡിയിലെടുത്ത 14 പേരിൽ നിന്ന് ആറുപേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. പ്രദേശത്ത് ശക്തമായ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളിൽപ്പെട്ട ആറുപേരുടെ വീടുകളും ഒരു കാറുമാണ് തിങ്കളാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയുമായി ആക്രമിക്കപ്പെട്ടത്.
ചാവശ്ശേരി മണ്ണോറ റോഡിലെ മഹിളാമോർച്ച ഇരിട്ടി മണ്ഡലം പ്രസിഡന്റ് കെ.പി ഷീജ, ആർ.എസ്.എസ് ചാവശ്ശേരി ഭൗതിക് പ്രമുഖ് പറയനാട്ടെ സന്ദീപ്, ചാവശ്ശേരിയിലെ ആർ.എസ്.എസ് പ്രവർത്തകൻ കെ.വി അജയൻ, എസ്.ഡി.പി.ഐ പ്രവർത്തകനായ സിനാസ്, ക്യാമ്പസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ചാവശ്ശേരി ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്തെ സി.കെ ഉനൈസ്, ചാവശ്ശേരി ടൗണിലെ ഷാജഹാൻ എന്നിവരുടെ വീടുകൾക്കു നേരെയാണ് അക്രമമുണ്ടായത്.
വീടുകളുടെ ജനൽചില്ലുകളും ഫർണീച്ചറുകളും അടിച്ചു തകർക്കുകയും വീടിന്റെ നിലത്ത് പാകിയ ടൈൽസ് കുത്തിപൊളിക്കുകയും ചെയ്തിട്ടുണ്ട്. സിനാസിന്റെ പിതാവ് എം.കെ ഹംസ, ഭാര്യ ഹൈറുന്നിസ എന്നിവർക്ക് പരിക്കേറ്റു. ഇവരെ തലശ്ശേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹംസയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട ആൾട്ടോ കാറാണ് തകർത്തത്. മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റിയംഗമാണ് ഹംസ.
കഴിഞ്ഞ ദിവസം രാത്രി ചാവശ്ശേരി ടൗണിൽ നിന്നും പറമ്പ് ഭാഗത്തേക്ക് പോകുന്ന റോഡിൽ സ്‌ഫോടനമുണ്ടായിരുന്നു. ഇതിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ തിങ്കളാഴ്ച രാത്രി ടൗണിൽ പ്രകടനം നടത്തിയിരുന്നു. തുടർന്ന് ആർ.എസ്.എസ് പ്രവർത്തകർ പ്രകടനം നടത്തുകയും ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു. ഇതേ തുടർന്നാണ് വീടുകൾക്കു നേരെ അക്രമമുണ്ടായത്. ഉത്തരമേഖലാ റേഞ്ച് ഡി.ഐ.ജി രാഹുൽ ആർ. നായർ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, റൂറൽ എസ്.പി രാജീവൻ, കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപൊയിൽ, ഇരിട്ടി ഡിവൈ.എസ്.പി സജേഷ് വാഴവളപ്പിൽ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. പ്രദേശത്ത് കൂടുതൽ അക്രമമൊഴിവാക്കുന്നതിനായി പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. ഇരിട്ടി, മട്ടന്നൂർ, മുഴക്കുന്ന് എന്നീ സ്‌റ്റേഷനുകളിലെ സി.ഐമാരും എസ്.ഐമാരും സുരക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.