പഴയങ്ങാടി: ബീവറേജസ് ഔട്ട് ലെറ്റിലെ അലമാര വീണ് ജീവനക്കാരന് പരിക്കേൽക്കുന്ന വൈറലായ വീഡിയോ അഞ്ചുമാസം മുമ്പ് നടന്ന സംഭവമെന്ന്. ഇന്നലെ മുതലാണ് സോഷ്യൽ മീഡിയയിൽ ഈ ദൃശ്യം വ്യാപകമായി പ്രചരിക്കുന്നത്. താവത്ത് നടന്ന സംഭവത്തിൽ ബെവ്‌കോ ജീവനക്കാരനായ ജോസഫിന് പരിക്കേറ്റെന്നാണ് പറയുന്നത്. അഞ്ചുമാസം മുൻപ് ഒരു പ്രവൃത്തി ദിവസം മുകളിലുള്ള ബോട്ടിൽ എടുക്കുന്നതിനായി കാഡ്ബോർഡ് പെട്ടിയിൽ ചവിട്ടിക്കയറുന്നതിനിടെ അലമാര മറിഞ്ഞുവീഴുകയായിരുന്നു. ഇതിന്റെ അടിയിലായിപ്പോയ ജീവനക്കാരനെ മറ്റുള്ളവർ ചേർന്നാണ് പുറത്തെടുത്തത്. അന്ന് നിസാര പരിക്ക് തനിക്കുണ്ടായതായി ജോസഫ് പറയുന്നു. അലമാരയിലുണ്ടായിരുന്ന നാലുകുപ്പികൾ പൊട്ടി. ഈ സംഭവം എന്നാൽ ബെവ്കോയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ലത്രെ. തുടർ നടപടികളുമുണ്ടായിരുന്നില്ല. എന്നാൽ അന്നുണ്ടായിരുന്ന മാനേജർ മാറി മാസങ്ങൾ കഴിഞ്ഞതിനു ശേഷമാണ് സി.സി ടി.വി കാമറാദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. അലമാര വീഴുന്ന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായതോടെ ബെവ്‌കോ അധികൃതർ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പ്രചരിപ്പിച്ചതിന് പിന്നിൽ ഉദ്യോഗസ്ഥർ തമ്മിലുള്ള പടലപ്പിണക്കമാണെന്നും ആക്ഷേപമുണ്ട്.