escalator
എസ്കലേറ്റർ

കണ്ണൂർ: കണ്ണൂർ റെയിൽവേ സ്‌റ്റേഷൻ കിഴക്കേ കവാടത്തിൽ ഒരുക്കിയ പുതിയ എസ്‌കലേറ്റർ ഓണത്തിന് മുമ്പ് തുറന്നുകൊടുക്കും. എസ്‌കലേറ്റർ താങ്ങിനിർത്താനുള്ള സിവിൽ ജോലികൾ അടക്കം കഴിഞ്ഞവർഷം തുടങ്ങിയെങ്കിലും കൊവിഡിനെ തുടർന്ന് മുടങ്ങുകയായിരുന്നു. പിന്നാലെ നാലാം പ്ലാറ്റ്‌ഫോമിലും എസ്‌കലേറ്റർ സൗകര്യം വരുന്നതോടെ ശാരീരിക ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും ലഗേജുമായി വരുന്നവർക്കും ഏറെ ആശ്വാസമാകും.

ഏപ്രിലിൽ 10 ദിവസത്തിനകം പ്രവൃത്തി പൂർത്തിയാക്കി യാത്രക്കാർക്ക് തുറന്നുകൊടുക്കുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇഴയുകയായിരുന്നു. കോഴിക്കോട് സ്റ്റേഷനിൽ എസ്‌കലേറ്റർ നിർമ്മിക്കുന്ന കരാറുകാർക്കു തന്നെയായിരുന്നു കണ്ണൂരിലെയും നിർമ്മാണം. കോഴിക്കോട്ടെ പ്രവൃത്തി പൂർത്തിയായാൽ മാത്രമേ കണ്ണൂരിലെ പണി തുടങ്ങൂവെന്നതും മെല്ലെപോക്കിന് കാരണമായി.

എസ്‌കലേറ്റർ സ്റ്റേഷനിൽ സ്ഥാപിച്ച് മാസങ്ങളായെങ്കിലും യാത്രക്കാർക്ക് ഉപയോഗിക്കാനായിരുന്നില്ല. ഇലക്ട്രിക്കൽ പ്രവൃത്തി പൂർത്തിയായി ഇ.ഐ.ജിയുടെ അനുമതി ലഭിച്ചെങ്കിലും മറ്റ് പ്രവൃത്തികൾ പൂർത്തിയാക്കാനുള്ളതിനാലാണ് തുറന്നുകൊടുക്കൽ വൈകുന്നത്. നിലവിൽ ഒന്നാം പ്ലാറ്റ്‌ഫോമിൽനിന്ന് കിഴക്കേ കവാടത്തിലേക്കുള്ള റെയിൽവേ മേൽപാലത്തിൽനിന്ന് എസ്‌കലേറ്ററിനടുത്തേക്കുള്ള ഭാഗത്ത് സുരക്ഷ ഒരുക്കാനായി അലൂമിനിയം ഫാബ്രിക്കേഷൻ പ്രവൃത്തി നടക്കുകയാണ്. റിസർവേഷൻ കൗണ്ടർ സ്ഥിതിചെയ്യുന്ന കെട്ടിടം എസ്‌കലേറ്ററുമായി ബന്ധിപ്പിക്കാനായി മുകളിൽ ഷീറ്റ് പാകേണ്ടി വന്നതും പ്രവൃത്തി വൈകിപ്പിച്ചു.

യാത്രക്കാരുടെ തിക്കും

തിരക്കും കുറയ്ക്കാം

തൂണുകളിൽ യന്ത്രം ഘടിപ്പിക്കുന്ന പ്രവൃത്തിയടക്കം മാർച്ചിൽ പൂർത്തിയായെങ്കിലും എസ്‌കലേറ്റർ യാത്രക്കാർക്ക് ഉപയോഗിക്കാൻ കഴിയാത്തതിൽ പരാതിയുണ്ടായിരുന്നു. ട്രെയിൻ ഇറങ്ങി കിഴക്കേ കവാടത്തിലേക്ക് വരുന്ന യാത്രക്കാർക്ക് നിലവിൽ മേൽപാലവും ലിഫ്റ്റുമാണ് ആശ്രയം. ഒന്നിലേറെ ട്രെയിനുകൾ ഒന്നിച്ചെത്തിയാൽ മേൽപാലത്തിലും ലിഫ്റ്റിലും യാത്രക്കാരുടെ തിക്കുംതിരക്കുമാകും. ഒരേസമയം ഏഴുപേർക്ക് മാത്രമാണ് ലിഫ്റ്റിൽ കയറാനാവുക. ലിഫ്റ്റിനോട് ചേർന്നാണ് എസ്‌കലേറ്റർ സ്ഥാപിച്ചത്.