നീലേശ്വരം: ചെമ്മാക്കര നിവാസികളുടെ കുടിവെള്ള പ്രശ്നത്തിന് അറുതി. ചെമ്മാക്കര കുടിവെള്ള പദ്ധതി ഉദ്ഘാടനം 28ന് നടക്കും. പ്രദേശത്തെ 60ൽ പരം കുടുംബങ്ങൾ കഴിഞ്ഞ 8 വർഷത്തിലധികമായി അനുഭവിച്ചുവരുന്ന കുടിവെള്ള പ്രശ്നമാണ് പരിഹരിക്കപ്പെടുന്നത്. 2014 മുതലാണ് ഈ പ്രദേശത്തേക്ക് കുടിവെള്ളം നൽകുന്ന ചെമ്മാക്കര ശുദ്ധജല വിതരണ പദ്ധതിയുടെ കിണർ വെള്ളം കുടിക്കാൻ പറ്റാത്ത രീതിയിൽ മലിനമായത്.
വെള്ളത്തിൽ ഇരുമ്പിന്റെ അംശം, അസിഡിറ്റി ഇവ കൂടുതലായതിനാൽ കുടിക്കാൻ പറ്റാത്ത അവസ്ഥയിലായി. വേനലെന്നോ മഴക്കാലമെന്നോ വ്യത്യാസമില്ലാതെ ചെമ്മാക്കരക്കാർ കുടിവെള്ളത്തിന് അലഞ്ഞുനടന്ന കാലമായിരുന്നു കഴിഞ്ഞ 8 വർഷം. നാട്ടുകാരുടെ ഒരു കമ്മിറ്റിയുണ്ടാക്കി (ചെമ്മാക്കര കുടിവെള്ള കമ്മിറ്റി) പുതിയ ഒരു കിണർ കുഴിക്കാൻ വേണ്ടി സ്ഥലം അന്വേഷിച്ചു നടന്നു കുറേക്കാലം. അവസാനം കാര്യങ്കോട് ചീറ്റക്കാൽ കുന്നിന്റെ അടിവാരത്ത് ഒരു സ്ഥലം കണ്ടെത്തി. ആ സ്ഥലത്ത് എം. രാജഗോപാലൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ട് 25 ലക്ഷം രൂപയും നീലേശ്വരം നഗരസഭ അനുവദിച്ച 18 ലക്ഷം രൂപയും ഉപയോഗിച്ച് കേരള വാട്ടർ അതോറിറ്റി ഡെപ്പോസിറ്റ് വർക്കായി കിണറും, ടാങ്കും പമ്പ് ഹൗസും പൈപ്പ് ലൈനുകളും ഉൾപ്പെടെയുള്ള ജോലികൾ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ തീർത്തു.
കഴിഞ്ഞ 8 വർഷത്തിനുള്ളിൽ ഒട്ടേറെ സംഘടനകൾ ചെമ്മാക്കര നിവാസികൾക്ക് കുടിവെള്ളവുമായി ടാങ്കറുകളിൽ എത്തിയിരുന്നു. അതിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മകളാണ് ഒരു വർഷം മുൻപ് ഓർമ്മയായ സി.പി.എം. ലോക്കൽ കമ്മിറ്റി അംഗമായിരുന്ന കരുവാച്ചേരിയിലെ വി.പി.രാജന്റേത്. വി.പി.രാജൻ (മസാഫി രാജൻ ) ഞായറാഴ്ചകളിൽ നേരം പുലരുമ്പോൾ തന്റെ 407 ടെമ്പോ വണ്ടിയിൽ ഒരു ടാങ്ക് നിറയെ വെള്ളവുമായി എത്തിയിരുന്നു. സഹായത്തിന് ആരെങ്കിലും കൂടെയുണ്ടാകും. മൂന്നു വർഷത്തിലധികം കാലം രാജൻ ഇങ്ങനെ ചെമ്മാക്കരക്കാർക്ക് വെള്ളം കൊടുത്തിരുന്നു.. കുടിവെള്ള പദ്ധതി പൂർത്തീകരിച്ചതിലുള്ള ആഹ്ലാദത്തിമർപ്പിലാണ് നാട്ടുകാർ. ഉദ്ഘാടനം ഉത്സവമാക്കി മാറ്റുവാൻ വേണ്ടി എം. ലക്ഷ്മണൻ ചെയർമാനായും പി. ദിനേശൻ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.