കാസർകോട്: അറവുമാലിന്യ വിമുക്ത ജില്ലയായി കാസർകോടിനെ മാറ്റുന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ മൂന്ന് കോഴിക്കടകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. ജില്ലയിൽ പ്രവർത്തിക്കുന്ന അഞ്ച് കോഴിക്കടകളിലാണ് റവന്യൂ ഡിവിഷണൽ ഓഫീസർ അതുൽ സ്വാമിനാഥിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ചെർക്കളയിലെ എവറസ്റ്റ് ചിക്കൻ സെന്റർ, ചെമ്മനാട് ചിക്കൻ സെന്റർ ഫിഷ് മാർക്കറ്റ്, എം.എ.കെ ചിക്കൻ സെന്റർഫിഷ് മാർക്കറ്റ് എന്നിവയ്ക്കാണ് അനധികൃതമായി പ്രവർത്തിക്കുന്നതായി കണ്ടെത്തി അടച്ചുപൂട്ടുവാൻ നിർദ്ദേശം നൽകിയത്. ലൈസൻസ് ലഭിക്കുന്ന മുറയ്ക്ക് മാത്രമേ കടകൾ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ.
ഡി.എൽ.എഫ്.എം.സി അംഗങ്ങളായ ശുചിത്വ മിഷൻ ജില്ലാ കോഓർഡിനേറ്റർ എ.ലക്ഷ്മി, ജൂനിയർ സൂപ്രണ്ട് പി.വി. ഭാസ്കരൻ, ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അനീഷ് ആന്റണി, ഫുഡ് സേഫ്റ്റി പ്രതിനിധി കെ.എം. മൻസൂർ, ശുചിത്വ മിഷൻ ടെക്നിക്കൽ കൺസൾട്ടന്റ് എം.എ. മുദസ്സിർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന കോഴിക്കടകളിൽ പരിശോധന നടത്തുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുമെന്നും അവർക്കെതിരെ കർശനനടപടിയും പിഴയും ഈടാക്കുമെന്നും അധികൃതർ അറിയിച്ചു.