വെള്ളരിക്കുണ്ട്: മാലോം പടയംകല്ലിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. പ്രതിയുടെ വീട്ടിൽ നിന്നും നാടൻ തോക്കും കണ്ടെടുത്തു. പടയംകല്ല് സ്വദേശിനിയായ കെ.ഷൈല (27)ക്കാണ് വെട്ടേറ്റത്. ഭർത്താവായ മനോഹരൻ (39) നെതിരെ പൊലീസ് കേസെടുത്തു. വാക്കത്തി കൊണ്ടുള്ള ആക്രമണത്തിൽ ഷൈലയുടെ നെറ്റിക്ക് പരിക്കേൽക്കുകയും ഇടതു ചെവി മുറിയുകയും ചെയ്തു. കഴുത്തിനു നേരെ വാക്കത്തി വീശിയപ്പോൾ ഒഴിഞ്ഞു മാറി രക്ഷപ്പെടുകയായിരുന്നു. ഷൈലയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് പൊലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. ലൈസൻസ് ഇല്ലാത്ത നാടൻ നിറ തോക്ക് കൈവശം വച്ചതിനും മനോഹരനെതിരെ കേസെടുത്തിട്ടുണ്ട്. എസ്.ഐ എം.പി വിജയകുമാർ നേതൃത്വത്തിൽ എ.എസ്.ഐ സജി ജോസ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ റജികുമാർ, മധു, സിവിൽ പൊലീസ് ഓഫീസർ ഷിജിത്ത്, ഹോംഗാർഡ് ഗോപിനാഥൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.