തലശ്ശേരി: പുന്നോൽ റെയിൽവേ ഗേറ്റിന് സമീപത്തെ രണ്ട് വീടുകളിൽ മോഷണവും, കണ്ണിൽ കണ്ടതെല്ലാം തല്ലിത്തകർക്കലും. കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നു മോഷ്ടാക്കൾ എത്തിയതെന്ന് സംശയിക്കുന്നു. മോഷണം പോയത് ഇൻവെർട്ടറും ബാറ്ററിയും പണവും. സെനിൻ പാലസിൽ മുബീനയുടെയും, ആനതിട്ടയിൽ അബ്ദുറഹിമാന്റെയും വീടുകളിലാണ് മോഷണവും കണ്ണിൽ കണ്ടതെല്ലാം തച്ചുതകർക്കലും നടന്നത്.
ഇലക്ട്രോണിക്സ് സാധനങ്ങളും വീട്ട് ഉപകരണങ്ങളും അടിച്ചുടച്ചിട്ടുണ്ട്. മുബീന കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ പോയിരുന്നു. പിറക് വശത്തെ വാതിൽ തുറന്നിട്ടത് കണ്ട് അയൽ വീട്ടുകാർ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇൻവെർട്ടർ ബാറ്ററി, മോട്ടോർ, ബാത്ത് റൂമിന്റെ പൈപ്പുകൾ എന്നിവ മോഷ്ടിച്ചതായി തിരിച്ചറിഞ്ഞത്. വാതിലുകളും വാഷ്‌ബേസിനുകളും തകർത്തു. അലമാരയിലെ സാധനങ്ങൾ വലിച്ചിട്ട നിലയിലാണുള്ളത്. ആനതിട്ടയിൽ അബ്ദു റഹിമാന്റെ വീട്ടിൽ മകനാണ് താമസിക്കുന്നത്. ഇദ്ദേഹം കഴിഞ്ഞ ദിവസം കോഴിക്കോട് സഹോദരിയുടെ വീട്ടിൽ പോയ സമയത്താണ് കള്ളനെത്തിയത്.

തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയാണ് വാതിൽ തുറന്നിട്ടത് കണ്ടതോടെ സഹോദരനെ വിവരം അറിയിച്ചത്. ഈ വീട്ടിൽ സൂക്ഷിച്ച പണവും ഇൻവെർട്ടർ, പാത്രങ്ങൾ, മിക്സി, പൈപ്പ് എന്നിവയാണ് മോഷ്ടിച്ചത്. ടി.വി, അലമാര, വാഷ്‌ബേസിൻ എന്നിവ അടിച്ച് തകർത്തു. മോഷ്ടാക്കൾ ധരിച്ച ഗ്ലൗസ് സ്ഥലത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ന്യൂമാഹി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.