
കണ്ണൂർ: ഉച്ചഭക്ഷണ സംവിധാനത്തിലൂടെ കടക്കെണിയിലായ പ്രധാനാദ്ധ്യാപകർ തങ്ങളുടെ കഞ്ഞികുടി മുട്ടിക്കുമോ എന്ന ആശങ്കയിൽ പരക്കം പായുകയാണ്. ഇന്നലെ പ്രധാനാദ്ധ്യാപക സംഘടനാ നേതാക്കൾ ഈ ആവശ്യം ഉന്നയിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയെ കണ്ടിരുന്നുവെങ്കിലും ഓണം കഴിഞ്ഞ് നോക്കട്ടെ എന്നതായിരുന്നു മറുപടി.കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനായി സർക്കാർ അനുവദിക്കുന്ന തുകയിൽ കാലാനുസൃത വർദ്ധിപ്പിക്കണമെന്ന പ്രധാനാദ്ധ്യാപകരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. സമരവും പ്രക്ഷോഭവും മറ്റും നടത്തിയെങ്കിലും അധികൃതർ കണ്ണ് തുറക്കുന്നില്ലെന്നതാണ് പ്രധാനാദ്ധ്യാപകരുടെ പരാതി.
പദ്ധതി തുടങ്ങിയത് 1995 മുതൽ
1995 മുതലാണ് കേരളത്തിൽ ഉച്ച ഭക്ഷണ പദ്ധതി നടപ്പിലാക്കി തുടങ്ങിയത്. എന്നാൽ, സ്‌കൂളുകൾക്ക് ഈ ഇനത്തിൽ 2016ലാണ് എറ്റവും അവസാനമായി തുക അനുവദിച്ചത്. ഏഴ് വർഷവും പിന്നിടുമ്പോഴും തുച്ഛമായ തുകക്ക് പദ്ധതി നടത്തികൊണ്ടുപോകേണ്ടത് സ്‌കൂളുകളുടെ ബാദ്ധ്യതയായി തീർന്നിരിക്കുകയാണ്. സാമ്പത്തിക ബാദ്ധ്യതക്ക് മിക്കപ്പോഴും പ്രധാനാദ്ധ്യാപകൻ ഉത്തരം പറയേണ്ട സ്ഥിതിയാണ്.
സർക്കാർ കണക്കിൽ
12200 സ്കൂളുകൾ
29.5 ലക്ഷം കുട്ടികൾ
150 കുട്ടികൾ വരെ ഒരാൾക്ക് 8 രൂപ
150 മുതൽ 500 വരെ 7 രൂപ
500 മുതൽ മുകളിൽ 6 രൂപ
ബാദ്ധ്യത ഇരട്ടിയാക്കി മുട്ടയും പാലും
ഉച്ച ഭക്ഷണത്തിന് പുറമെ ആഴ്ചയിൽ ഒരു കോഴി മുട്ടയും രണ്ട് ദിവസങ്ങളിലായി 300 മില്ലി പാലും കുട്ടികൾക്ക് നൽകണം.
സർക്കാറിന്റെ സമഗ്രപോഷകാഹര പദ്ധതിയുടെ ഭാഗമായാണ് കുട്ടികൾക്ക് പാലും മുട്ടയും നൽകുന്നത്. ഇതിന് സർക്കാർ പ്രത്യേകമായി തുക വകയിരുത്തിയിട്ടുമില്ല. ഇതും ഇരട്ടി ഭാരമാണ് സ്‌കൂളുകൾക്ക്. അവശ്യസാധനങ്ങൾക്ക് പ്രതിദിനം വിലകയറുമ്പോൾ സർക്കാർ ഗ്രാന്റ് വർദ്ധിപ്പിക്കാത്തത് സ്‌കൂളുകളെ തീർത്തും കടക്കെണിയിലാക്കുയാണ്. തുച്ഛമായ തുക നൽകിയിട്ടും പയറും പച്ചക്കറിയും അടക്കമുള്ള പോഷക സമൃദ്ധമായ ആഹാരം ദിവസവും നൽകണമെന്നാണ് സർക്കാർ നിർദേശം. ഇതിനുപുറമെ പാചകത്തിന് 2017 മുതൽ പാചകവാതകം നിർബന്ധമാക്കിയിരുന്നു. ഇതോടെ പാചക വാതകത്തിന്റെ അനിയന്ത്രിതമായ വിലക്കയറ്റവും ഇരട്ടി ഭാരമായിരിക്കുകയാണ്.
പൊതുഫണ്ട് കണ്ടെത്തി പദ്ധതി മുന്നോട്ടുകൊണ്ടു പോകണമെന്നാണ് പ്രധാനാദ്ധ്യാപകർക്ക് സർക്കാറിന്റെ നിർദേശം. എന്നാൽ, സർക്കാർ ഉത്തരവ് പ്രകാരമുള്ള പദ്ധതിക്കുള്ള ദൈനംദിന ചിലവിനുള്ള പണം പൊതുജനങ്ങളിൽ നിന്ന് പിരിക്കുന്നത് അസാധ്യമാണെന്നാണ് പ്രധാനധ്യാപകരുടെ വിശദീകരണം. കൂടാതെ മാസങ്ങൾ കഴിഞ്ഞാണ് തുക അനുവദിക്കുന്നതും. ഈ വർഷത്തെ ജൂൺ, ജൂലായ് മാസത്തിലെ തുക ആഗസ്റ്റ് പകുതിയോടെയാണ് അനുവദിച്ച് കിട്ടിയത്.
ചിലവുകൾക്ക് പുറമെ പാചക തൊഴിലാളികൾക്കുള്ള വേതനവും ഈ തുകയിൽ നിന്നുവേണം കണ്ടെത്താൻ. ഇത്തരത്തിൽ പദ്ധതിക്ക് ആവശ്യമായ തുക അനുവദിക്കാതെ ഭാരം പ്രധാനാദ്ധ്യാപകരുടെ മേൽ അടിച്ചേൽപ്പിച്ച് കടക്കെണിയിലാക്കുകയാണ്.
ജി. സുനിൽകുമാർ, ജനറൽ സെക്രട്ടറി, കേരള പ്രദേശ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ