പയ്യന്നൂർ: നഗരസഭ 27ാം വാർഡിൽ വരുവക്കുണ്ട് റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിൽ അപാകത കണ്ടെത്തിയെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷം നഗരസഭാ യോഗം ബഹിഷ്കരിച്ചു. മുൻസിപ്പൽ എൻജിനീയർ യോഗത്തിൽ എത്താത്തത് അപലപനീയമാണെന്നും സംഭവം ഏറെ ഗൗരവതരമാണെന്നും പ്രതിപക്ഷത്ത് നിന്ന് ചോദ്യമുന്നയിച്ച കെ.കെ. ഫൽഗുനൻ ചൂണ്ടിക്കാട്ടിയതിനു ശേഷമാണ് പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ച് ഇറങ്ങിപ്പോയത്.

ടെൻഡറിലില്ലാത്ത പ്രവൃത്തി കൂടി ഇതിന്റെ ഭാഗമായി ചെയ്തു എന്നാണ് വിജിലൻസ് കണ്ടെത്തലെന്നും പ്രശ്നം ഗൗരവമായി ഭരണപക്ഷം കാണുന്നില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ വരുവക്കുണ്ട് റോഡ് പ്രവൃത്തി നടക്കുമ്പോൾ അതിന് തൊട്ട് കിടക്കുന്ന മണിയൻ റോഡ് തകർന്ന ഭാഗം കൂടി ടാർ ചെയ്തുതരണമെന്ന് പ്രതിപക്ഷ വാർഡ് കൗൺസിലർ ആവശ്യപ്പെട്ടതിനെ തുടർന്ന് കരാറുകാരൻ മണിയൻ റോഡിൽ 18 മീറ്റർ ടാർ ചെയ്ത് കൊടുത്തതു മാത്രമാണ് അപാകതയായി ചൂണ്ടിക്കാട്ടിയതെന്നും ഇത് വിജിലൻസ് നഗരസഭയെ അറിയിച്ചിട്ടില്ലെന്നും ആരോപണത്തിന് മറുപടി പറഞ്ഞ ചെയർപേഴ്സൺ കെ.വി. ലളിത പറഞ്ഞു. പ്രശ്നം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചിരുത്തി ചർച്ച ചെയ്തതായും അവർ അറിയിച്ചു.

വരുവക്കുണ്ട് റോഡ് 220 മീറ്റർ ടാർ ചെയ്യാനാണ് ടെൻഡർ നൽകിയതെന്നും വിജിലൻസ് അന്വേഷണത്തിൽ 203 മീറ്റർ മാത്രമാണ് ടാർ ചെയ്തതെന്നാണ് കണ്ടെത്തിയതെന്നും പ്രതിപക്ഷ നേതാവ് ഫൽഗുനൻ പറഞ്ഞു. കോൺട്രാക്ടർ അവരുടെ ലാഭത്തിൽ നിന്ന് തൊട്ടടുത്ത് കിടക്കുന്ന മറ്റൊരു റോഡിന്റെ കുറച്ച് ഭാഗം നന്നാക്കി തരുന്നതെല്ലാം അവർ വ്യക്തിപരമായി ചെയ്യുന്നതാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മറുപടി പോലും കേൾക്കാതെ ഇറങ്ങിപ്പോയ പ്രതിപക്ഷ നടപടി ശരിയായില്ലെന്ന് അദ്ധ്യക്ഷത വഹിച്ച ചെയർപേഴ്സൺ അഭിപ്രായപ്പെട്ടു. പ്രതിപക്ഷം ടൗണിൽ നടത്തിയ പ്രകടനത്തിന് കെ.കെ ഫൽഗുനൻ, എ. രൂപേഷ്, നസീമ, മണിയറ ചന്ദ്രൻ, അത്തായി പത്മിനി, കെ.കെ. കുമാർ, ഹസീന കാട്ടൂർ, കെ.കെ. അശോക് കുമാർ നേതൃത്വം നല്കി.

കാട്ടുപന്നിയെ നേരിടാൻ

കൂടുതൽ പേരെ വേണം

നഗരസഭ പരിധിയിലെ കാട്ടുപന്നി ശല്യം നിയന്ത്രിക്കാൻ പന്നിയെ വെടിവയ്ക്കാൻ സർക്കാർ നിയോഗിച്ച സംഘത്തിൽ നിന്ന് കൂടുതൽ പേരെ പയ്യന്നൂരിൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പനും വണ്ണാത്തിപ്പുഴയുടെ ഇരുഭാഗങ്ങളിലും കരയിടിച്ചൽ കാരണം കൃഷിനാശവും വീടുകൾക്ക് ഭീഷണിയും ഉണ്ടെന്നും ഇത് തടയാൻ നടപടി വേണമെന്നാവശ്യപ്പെട്ട്

പി. ഭാസ്കരനും അവതരിപ്പിച്ച പ്രമേയം യോഗം ഏകകണ്ഠമായി അംഗീകരിച്ചു.

നഗരസഭയിലെ പൊതുമരാമത്ത് പ്രവൃത്തികൾ സർവ്വകക്ഷി സംഘം പരിശോധിക്കണം. വരുവക്കുണ്ട്- ഇ.എസ്.ഐ. റോഡിൽ ഉദ്യോഗസ്ഥർ സ്ഥലം പോലും സന്ദർശിക്കാതെ കരാറുകാരൻ നൽകിയ റിപ്പോർട്ട് പ്രകാരം തുക പാസാക്കി കൊടുക്കുകയായിരുന്നു. ചെയർപേഴ്സന്റെ മറുപടി തൃപ്തികരമല്ലാത്തിനാലാണ് പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്കരിച്ചത്.

പ്രതിപക്ഷ നേതാവ് കെ.കെ. ഫൽഗുനൻ