നാട്ടുകാർ വാഴനട്ട് പ്രതിഷേധിച്ചു
നീലേശ്വരം: ഏഴു വർഷമായി അറ്റകുറ്റപ്പണി നടത്താതെ, കനത്തമഴയിൽ ചെളിക്കുളമായ കോട്ടപ്പുറം - മഖാം റോഡിനോടുള്ള അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് നാട്ടുകാർ റോഡിൽ വാഴനട്ടു.
കേരളത്തിലെ ടൂറിസ്റ്റ് ഹബ്ബ് ആവാൻ പോവുന്ന കോട്ടപ്പുറം എന്ന കുഗ്രാമത്തിലെ നൂറോളം വീട്ടുകാർ ഉപയോഗിക്കുന്ന റോഡാണിത്. സ്കൂൾ കുട്ടികളും മദ്രസയിൽ പോകുന്ന പിഞ്ചുകുട്ടികളുമടക്കം വൃദ്ധരും പ്രായം ചെന്നവരും നിത്യേന ഉപയോഗിക്കുന്നതാണ് ഈ റോഡ്. ഏഴു വർഷം മുമ്പ് ടാർ ചെയ്ത റോഡിൽ പിന്നീട് ഒരു അറ്റകുറ്റപ്പണിയും നടത്തിയിരുന്നില്ല. പരിസരവാസികളും നാട്ടുകാരും പല തവണ അധികാരികളെ കണ്ട് റോഡിന്റെ ശോചനീയാവസ്ഥ ധരിപ്പിച്ചുവെങ്കിലും അനങ്ങാപ്പാറ നയമാണു സ്വീകരിച്ചത്.
സന്ധ്യ കഴിഞ്ഞാൽ ഇഴജന്തുക്കളുടെ ശല്യവും ഇവിടെ പതിവായത് നിസ്കാരത്തിനായി പള്ളിയിൽ പോവുന്ന പ്രായമായവരെയും കുട്ടികളെയും ഭീതിയിലാഴ്ത്തുന്നു. റോഡിന്റെ ശോചനീയാവസ്ഥ കാരണം റോഡിൽ വാഹന ഗതാഗതം പൂർണ്ണമായും നിലച്ചതിനാൽ രോഗികളും ഗർഭിണികളും ആശുപത്രിയിൽ പോവാനാവാതെ ബുദ്ധിമുട്ടുകയാണ്.
മഖാം റോഡ് അറ്റകുറ്റപ്പണിക്കായി 7.50 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടിയിലേക്ക് നീങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രചാരണം വാർഡ് കൗൺസിലറെ മോശമായി ചിത്രീകരിക്കാനുള്ള ഏർപ്പാടാണ്.
വാർഡ് കൗൺസിലർ ഇടക്കാവിൽ മുഹമ്മദ്