കൂത്തുപറമ്പ്: മാനന്തേരിക്കടുത്ത കാവിൻമൂലയിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് വയലിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. വണ്ണാത്തി മൂലയിൽ നിന്നും കൂത്തുപറമ്പിലേക്ക് സർവ്വീസ് നടത്തുകയായിരുന്ന അമ്പിളി ബസാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടം. ബസിന്റെ ടയർ റാഡ് പൊട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഓടുന്നതിനിടെ നിയന്ത്രണംവിട്ട ബസ് വയലിലേക്ക് മറിയുകയാണുണ്ടായത്. പരിക്ക് നിസാരമാണ്. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും മറ്റും പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചു. വയലിലെ ചെളിയിൽ കുടുങ്ങിപ്പോയ യാത്രക്കാരിൽ ചിലരെ നാട്ടുകാരെത്തിയാണ് പുറത്തെടുത്തത്. കൂത്തുപറമ്പ് ഫയർഫോഴ്സും കണ്ണവം പൊലീസും സ്ഥലത്തെത്തിയിരുന്നു. വർഷങ്ങളായി മാനന്തേരി- വണ്ണാത്തിമൂല പ്രദേശവാസികളുടെ ഏക ആശ്രയമായിരുന്ന അമ്പിളി ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തെപ്പറ്റി മോട്ടോർ വാഹന വകുപ്പും, പൊലീസും അന്വേഷണം ആരംഭിച്ചു.