kel
എസ്.ടി.യു നേതാക്കൾ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ മുഖേന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന് നിവേദനം നൽകുന്നു

കാസർകോട്: കെൽ ഇ എം.എൽ കമ്പനി തുറന്ന് പ്രവർത്തിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരും തൊഴിലാളി യൂണിയൻ പ്രതിനിധികളും ചർച്ച ചെയ്തുണ്ടാക്കിയ കരാർ പൂർണ്ണമായും നടപ്പിലാക്കണമെന്ന് എസ്.ടി.യു ആവശ്യപ്പെട്ടു. കമ്പനി വീണ്ടും തുറക്കുന്നതിനായി തൊഴിലാളികൾ ഏറെ വിട്ടുവീഴ്ച ചെയ്തുണ്ടാക്കിയ കരാർ കമ്പനി തുറന്ന് അഞ്ച് മാസമായിട്ടും നടപ്പിലാക്കിയിട്ടില്ല. വിരമിക്കൽ പ്രായം കുറക്കാനും കമ്പനി അടച്ചിട്ട സമയത്ത് ശമ്പളം 35 ശതമാനമാക്കാനും യൂണിയനുകൾ സമ്മതിച്ചത് വിരമിക്കുന്നവർക്ക് മുഴുവൻ ആനുകൂല്യങ്ങളും വിരമിക്കുന്ന ദിവസം തന്നെ നൽകും എന്ന നിബന്ധന കരാറിൽ ഉള്ളതിനാലായിരുന്നു.

കുടിശ്ശികകൾ തീർക്കാനും ആനുകൂല്യങ്ങൾ നൽകുവാനുമടക്കം 20 കോടി രൂപ സർക്കാർ അനുവദിച്ചിട്ടും കരാർ നടപ്പിലാക്കാതെ മാനേജ്മെന്റ് തൊഴിലാളികളെ വഞ്ചിക്കുകയാണെന്ന് എസ്.ടി.യു നേതാക്കൾ എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ മുഖേന വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിന് നൽകിയ നിവേദനത്തിൽ പറഞ്ഞു. കെ.പി.മുഹമ്മദ് അഷ്റഫ് ,പി.എം.അബ്ദുൾറസാഖ് എന്നിവരാണ് വ്യവസായ വകുപ്പ് മന്ത്രിയുമായി ചർച്ച നടത്തിയത്.