പെരിയ: എങ്ങനെയാണ് കൊവിഡ് പരിശോധന നടക്കുന്നത്?. എങ്ങനെയാണ് നെഗറ്റീവും പോസിറ്റീവുമായി മാറുന്നത്?. കേരള കേന്ദ്ര സർവ്വകലാശാല പെരിയ ക്യാമ്പസിലെ വൈറോളജി ലാബിലെത്തിയ വിദ്യാർത്ഥികൾക്ക് സംശയവും ആകാംക്ഷയും. പരിശോധനയുടെ വിവിധ ഘട്ടങ്ങൾ വിശദീകരിച്ചപ്പോൾ കൗതുകത്തോടെ അവർ ഓരോരുത്തരും കേട്ടിരുന്നു.
കണ്ണൂർ പഴയങ്ങാടിയിലെ പ്രോഗ്രസീവ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥികളാണ് കേരള കേന്ദ്ര സർവ്വകലാശാലയെ അടുത്തറിയാൻ പെരിയ കാമ്പസ്സിൽ നേരിട്ടെത്തിയത്. 86 പ്ലസ് ടു വിദ്യാർഥികളും നാല് അദ്ധ്യാപകരുമാണ് സംഘത്തിലുണ്ടായിരുന്നത്. ലൈബ്രറി, സയൻസ് ലാബുകൾ, ലാംഗ്വേജ് ലാബ് തുടങ്ങിയവയും വിദ്യാർത്ഥികൾ സന്ദർശിച്ചു. ഇതിനിടെ ലാംഗ്വേജ് ലാബിൽ ഇംഗ്ലീഷ് വ്യാകരണം സംബന്ധിച്ച് ചെറിയൊരു പരിശീലനവും. ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികളെ സ്വീകരിച്ചത്. കേന്ദ്ര സർവ്വകലാശാലകളെക്കുറിച്ചും പ്രവേശന രീതികളെക്കുറിച്ചും അദ്ധ്യാപകർ വിശദീകരിച്ചു. കൺട്രോളർ ഓഫ് എക്സാമിനേഷൻ ഇൻ ചാർജ്ജ് പ്രൊഫ. എം.എൻ. മുസ്തഫ, വകുപ്പ് അദ്ധ്യക്ഷൻ ഡോ. ജോസഫ് കോയിപ്പള്ളി, അസിസ്റ്റന്റ് പ്രൊഫസർ ഡോ. ഇഫ്തിക്കർ അഹമ്മദ് എന്നിവർ സംസാരിച്ചു.
ഫോട്ടോ: വൈറോളജി ലാബിൽ കൊവിഡ് പരിശോധനയുടെ വിവിധ ഘട്ടങ്ങൾ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു നൽകുന്നു.