കൂത്തുപറമ്പ്: സ്വർണ്ണം പൂശിയ മുക്കുപണ്ടങ്ങൾ പണയപ്പെടുത്തി കൂത്തുപറമ്പിലെ സഹകരണ ബാങ്കുകളിൽ നിന്ന് വൻതുക തട്ടിയ കേസിൽ പ്രതിയുമായി പൊലീസ് തെളിവെടുത്തു. നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സലിനെയാണ് വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുത്തത്.

കഴിഞ്ഞ ആഴ്ചയാണ് കേസിൽ രണ്ടുപേരെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. പാറാലിലെ പടിഞ്ഞാറെന്റവിട പി. ശോഭന, നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ എന്നിവരെയാണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. വിവിധ ബാങ്കുകളിൽ നിന്നായി ഒരുകോടിയോളം രൂപ പ്രതികൾ തട്ടിയെടുത്തതായാണ് കണക്കാക്കുന്നത്. കൂത്തുപറമ്പ് ടൗണിൽ പ്രവർത്തിക്കുന്ന തലശ്ശേരി താലൂക്ക് വെൽഫെയർ സൊസൈറ്റി, അർബൻ സഹകരണ ബാങ്ക് എന്നിവിടങ്ങളിലെ അധികൃതർ നൽകിയ പരാതിയെ തുടർന്ന് കൂത്തുപറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പ് വിവരം പുറത്ത് വന്നത്. പ്രതികൾ സമാന രീതിയിൽ വേറെയും തട്ടിപ്പ് നടത്തിയോ എന്ന കാര്യമാണ് പൊലീസ് അന്വേഷിക്കുന്നത്. അതോടൊപ്പം വ്യാജ സ്വർണ്ണത്തിന്റെ ഉറവിടത്തെപ്പറ്റിയും അന്വേഷിക്കുന്നുണ്ട്.