പിലിക്കോട്: നാട്ടുപ്രദേശങ്ങളും പാതവക്കും ഊടുവഴികളുമെല്ലാം തെരുവുനായ്ക്കൾ കൈയടക്കിയതോടെ നാട്ടുകാർ ഭീതിയിൽ. അതിനിടെ പശുതൊഴുത്തിൽ കയറി കിടാവിനെ കടിച്ചു കൊല്ലുകയും ചെയ്തു. പൂച്ച, കോഴി തുടങ്ങിയ വളർത്തുമൃഗങ്ങൾക്കും തെരുവുനായ്ക്കൾ ഭീഷണിയായിട്ടുണ്ട്.

പിലിക്കോട് വറക്കോട്ട് വയലിലെ ക്ഷീര കർഷകൻ സി.കെ. രഘുവിന്റെ പശുതൊഴുത്തിൽ പകൽനേരത്താണ് പശുക്കിടാവിനെ കടിച്ചു കൊന്നത്. തൃക്കരിപ്പൂരിനടുത്തുള്ള എടാട്ടുമ്മലിൽ കോഴിക്കൂട് തകർത്തെങ്കിലും ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ കുരച്ചുചാടി രക്ഷപ്പെടുകയായിരുന്നു. പട്ടികളുടെ ശല്യം കാരണം സ്ഥിരമായി പ്രഭാത സവാരി നടത്തുന്നവർ വലിയ വടിയുടെ അകമ്പടിയോടെയാണ് പുറത്തിറങ്ങുന്നത്. തൃക്കരിപ്പൂർ ഗവണമെന്റ് ഹയർസെക്കൻഡറി സ്കൂൾ കോമ്പൗണ്ട് തെരുവുനായകളുടെ വിഹാര കേന്ദ്രമാണ്. ഇവിടുത്ത സ്റ്റേജിനു മുകളിൽ പതിനഞ്ചോളം പട്ടികൾ കിടക്കുന്നത് സ്ഥിരം കാഴ്ചയാണ്.

അറവു മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് പട്ടികളുടെ ശല്യം വർദ്ധിക്കാൻ പ്രധാന കാരണം.