അഭിമാനം മനീഷ തിയറ്ററിനും

തൃക്കരിപ്പൂർ: ഒറ്റ സിനിമയിലൂടെ 'സൂപ്പർ സ്റ്റാറായ' തടിയൻ കൊവ്വലിലെ പി.പി. കുഞ്ഞികൃഷ്ണന് അഭിനന്ദന പ്രവാഹം. അദ്ധ്യാപക വൃത്തിയിൽ നിന്ന് വിരമിച്ച ശേഷം സാമൂഹ്യ പ്രവർത്തനത്തിലും പഞ്ചായത്ത് മെമ്പറുമായി പൊതുരംഗത്ത് നിറഞ്ഞു നിൽക്കുന്നതിനിടയിലാണ് സിനിമാതാരമായി ഇദ്ദേഹം വൈറലായത്. ന്നാ താൻ പോയി കേസ് കൊടുക്ക് എന്ന തനി കാസർകോടൻ സിനിമയിൽ മജിസ്ട്രേറ്റായി, നായകനായ കുഞ്ചാക്കോ ബോബന്റെ തുല്യപ്രാധാന്യമുള്ള കഥാപാത്രത്തിന് ജീവൻ നൽകിയാണ് ഇദ്ദേഹം വെള്ളിത്തിരയിൽ തിളങ്ങിയത്.

ആദ്യമായി അഭിനയിച്ച ചിത്രവും കഥാപാത്രവും വൈറലായതോടെ ഉദ്ഘാടന ചടങ്ങിലും കുടുംബ വിശേഷങ്ങളിലും ഇപ്പോൾ നിറഞ്ഞുനിൽക്കുകയാണ് പടന്ന പഞ്ചായത്ത് ഒൻപതാം വാർഡംഗം കൂടിയായ ഇദ്ദേഹം.

മനീഷ തീയറ്റർ തടിയൻ കൊവ്വലിലൂടെ നാടക രംഗത്തെത്തിയ കുഞ്ഞികൃഷ്ണൻ കണ്ണുചിമ്മിത്തുറക്കുന്നതിനിടയിലാണ് മലയാള സിനിമ മേഖലയിൽ ശ്രദ്ധേയനായത്. കുട്ടമത്ത് ഗംഗാധരൻ വക്കീൽ, ഷുക്കൂർ വക്കീൽ, മധുസൂദനൻ വക്കീൽ എന്നിവരിലൂടെ കാഞ്ഞങ്ങാട് ബാറിനും സിനിമ വ്യത്യസ്ത അനുഭവം തീർത്തു. തൃക്കരിപ്പൂർ, ചീമേനി, കാഞ്ഞങ്ങാട് തുടങ്ങിയ ഭാഗങ്ങളിൽ വെച്ചായാരുന്നു ഈ സിനിമയുടെ ചിത്രീകരണം.

. .