പഴയങ്ങാടി: പ്രായം ഒന്നിനും തടസമാകുന്നില്ലെന്ന് വ്യക്തമാക്കി ഒക്കിനാവോ ഗോജുറിയു കരാട്ടെ ഫെഡറേഷൻ ഒഫ് മലേഷ്യയുടെയും ഫെഡഷേൻ ഒഫ് ഇന്ത്യയുടെയും ലൈഫ് ടൈം അച്ചീവ്മെന്റ് നേടാനായതിന്റെ സന്തോഷത്തിലാണ് പാളയത്ത് വളപ്പ് സ്വദേശി ഇ.വി. പ്രേമരാജൻ. കേരളത്തിൽ തന്നെ രണ്ട് പേർക്ക് മാത്രമാണ് ഈ അംഗീകാരം ലഭിച്ചത്. 1978 ലാണ് ഇദ്ധേഹം കാരാട്ടെ മേഖലയിൽ എത്തിയത്.
65ാം വയസിൽ എത്തിനിൽക്കുന്ന പ്രേമരാജൻ കായിക അഭ്യാസ രംഗത്ത് ചുറുചുറുക്കോടെ നിലനിൽക്കുകയാണ്. നിരവധി ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും നിരവധി പേർക്ക് പരിശീലനം നൽക്കുകയും ചെയ്തിട്ടുണ്ട്. കരാട്ടെയുടെ മറ്റ് നിരവധി ഉപ വിഭാഗങ്ങളിലേക്ക് ഇദ്ധേഹത്തിന് ക്ഷണം ലഭിച്ചിട്ടുണ്ടെങ്കിലും ഒക്കിനാവോ ഗോജുറിയു കരാട്ടെയിൽ തന്നെ ഉറച്ച് നിൽക്കുകയായിരുന്നു. കരാട്ടെ പരിശീലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുന്നതിലൂടെ സ്വയം പ്രതിരോധം എന്നതിനപ്പുറം സ്വഭാവ ശുദ്ധീകരണത്തിനും സാധിക്കുന്നു എന്നാണ് പ്രേമരാജൻ പറയുന്നത്.
തമിഴ്നാട് സേലത്ത് വച്ച് സിംഗപ്പൂർ, ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും പങ്കെടുത്ത നിരവധി പേരെ പിൻതള്ളിയാണ് പ്രേമരാജന് ഈ അംഗീകാരം ലഭിച്ചത്. ഭാര്യയും മക്കളും തികഞ്ഞ പ്രോത്സാഹനമാണ് തനിക്ക് നൽകുന്നതെന്ന് പ്രേമരാജൻ പറഞ്ഞു. സി.വി ഗീതയാണ് പ്രേമരാജന്റെ ഭാര്യ. മക്കൾ ജസിത, ജസ്ന, ജിജിന.