
വ്യവസായ സംരംഭകരെ പൂമാലയിട്ട് ഇരുകൈയും നീട്ടി സ്വീകരിക്കും. ഒരു ലക്ഷം സഹായം ചോദിച്ചാൽ പത്തുലക്ഷം നൽകും. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കാൻ അരയും തലയും മുറുക്കി എല്ലാവരും രംഗത്ത് വരണം. ഒരു വ്യവസായിയും പുറത്ത് പോയി വ്യവസായം തുടങ്ങേണ്ടി വരില്ല. എന്നൊക്കെയുള്ള ആപ്തവാക്യങ്ങൾ നാഴികയ്ക്ക് നാൽപ്പതുവട്ടം തറപ്പിച്ച് പറയുന്നവരാണ് നമ്മുടെ അധികാരികളും ഉദ്യോഗസ്ഥരും. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി ഉയർത്താൻ സംസ്ഥാന സർക്കാരും വ്യവസായ വകുപ്പും മത്സരിക്കുന്നതിനിടയിൽ ബ്യൂറോക്രസിയുടെ ചീഞ്ഞളിഞ്ഞ മുഖവും ചിലയിടങ്ങളിൽ വെളിപ്പെടുന്നു. അത്തരം ജീർണിച്ച മുഖങ്ങൾക്കൊപ്പം നിൽക്കാൻ ചില ജനപ്രതിനിധികളും കൂടിയുണ്ടാകുമ്പോൾ വ്യവസായികൾ നാടുവിടേണ്ട അവസ്ഥയുമുണ്ടായി.
കഴിഞ്ഞ ദിവസം തലശേരിയിൽ നിന്നു നാടുവിട്ട വ്യവസായി ദമ്പതികളായ രാജ് കബീർ തായാട്ടിന്റെയും ഭാര്യ ശ്രീവിദ്യയുടെയും അനുഭവങ്ങൾ ഇത്തരമൊരു അവസ്ഥയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇരുപത് വർഷത്തിലേറെയായി നടത്തിപ്പോകുന്ന സ്ഥാപനം തലശേരി നഗരസഭ താഴിട്ട് പൂട്ടിയതോടെ ഒരു കുടുംബത്തിന്റെ മാത്രമല്ല, നിരവധി തൊഴിലാളികളുടെയും പ്രതീക്ഷകൾക്കാണ് താഴ് വീണത്. പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ കഴിയാതായതോടെ ദമ്പതികൾ നാടുവിടുകയായിരുന്നു. ഇവരെ പിന്നീട് പൊലീസ് നാട്ടിലെത്തിച്ചപ്പോൾ അവർക്ക് പറയാനുള്ളത് വ്യവസായ ദ്രോഹത്തിന്റെ കഥകൾ മാത്രമായിരുന്നു.
ആറുമാസം മുമ്പ് ഈ ദമ്പതികളുടെ മകന് വ്യവസായ വകുപ്പിന്റെ യുവസംരംഭക പുരസ്കാരവും കിട്ടിയിരുന്നു.
ഇരുപത് കഴിഞ്ഞ മകൻ സർക്കാർ ജോലിക്ക് പോലും കാത്തുനിൽക്കാതെ ഇവർക്കൊപ്പം പേപ്പർ നിർമ്മാണ യൂണിറ്റ് തുടങ്ങാൻ രണ്ടുംകൽപ്പിച്ച് ഇറങ്ങിപ്പുറപ്പെടുകയായിരുന്നു. വ്യവസായ വകുപ്പ് നാലുലക്ഷം രൂപ മാച്ചിംഗ് ഗ്രാന്റ് നൽകിയാണ് യുവസംരംഭകനെ സഹായിച്ചത്. വ്യവസായമന്ത്രി പി. രാജീവ് മാച്ചിംഗ് ഗ്രാന്റ് നൽകുമ്പോൾ പറഞ്ഞൊരു വാക്കുണ്ട്. വ്യവസായികളെ സഹായിക്കാനാണ് അധികൃതരും ഉദ്യോഗസ്ഥരും മുന്നോട്ടുവരേണ്ടത്. വ്യവസായ സൗഹൃദ അന്തരീക്ഷമുണ്ടെങ്കിൽ മാത്രമേ കേരളത്തിലേക്ക് കൂടുതൽ പേരെത്തൂ. അതിനായി എല്ലാവരും ഒന്നിക്കണമെന്ന മന്ത്രിയുടെ വാക്കുകൾ ഏറെ പ്രതീക്ഷകളോടെയാണ് കേരളം കേട്ടത്.
എന്നാൽ എവിടെയാണ് വ്യവസായങ്ങൾക്ക് താഴുവീഴുന്നത്. വ്യവസായികളെ ഇതിലേ, ഇതിലേ എന്നു ക്ഷണിക്കുമ്പോഴും വ്യവസായികളെ ആരോ പിന്നിൽനിന്നു കുത്തുന്നുണ്ട്. അതുകൊണ്ടാണ് രാജ് കബീർ എന്ന വ്യവസായിക്ക് നഗരസഭയ്ക്കെതിരെ സംസാരിക്കേണ്ടിവന്നതും. വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്തവിധം തലശേരി നഗരസഭാ അധികൃതർ ദ്രോഹിച്ചെന്ന് അദ്ദേഹം പറയുമ്പോഴും എന്താണ് യഥാർത്ഥ വസ്തുതയെന്നു അന്വേഷിക്കേണ്ടത് വ്യവസായ വളർച്ച ആഗ്രഹിക്കുന്ന ഓരോരുത്തരുടെയും കടമയാണ്. നഗരസഭയുടെ നോട്ടീസ് പ്രകാരം പിഴ അടയ്ക്കാൻ പോയ തങ്ങൾ പഴി കേട്ട് മടങ്ങുകയായിരുന്നുവെന്നാണ് രാജ് കബീറിന്റെയും ഭാര്യയുടെയും വാദം. വ്യവസായ സ്ഥാപനം പൂട്ടിയതോടെ സാമ്പത്തിക പ്രശ്നങ്ങളുണ്ടായി . വ്യവസായം പൂട്ടിയതോടെ ഇനിയും തുടരാനാകില്ലെന്ന് മനസിലായി. ഹൈക്കോടതി ഉത്തരവ് കാണിച്ചിട്ടും നഗരസഭ അദ്ധ്യക്ഷ കനിഞ്ഞില്ലെന്നും ഇവർ പറയുന്നു. നീതി കിട്ടിയില്ല. വ്യവസായ മന്ത്രി പി രാജീവും അനുകൂലമായാണ് പെരുമാറിയത്. സാഹചര്യമെല്ലാം വിശദീകരിച്ചിട്ടും നഗരസഭാ അദ്ധ്യക്ഷ തിരിഞ്ഞു നോക്കിയില്ലെന്നും ദമ്പതികൾ പറയുന്നു.
34 ദിവസമായി സ്ഥാപനം അടച്ചിട്ടിരിക്കുകയാണ്. മുന്നോട്ട്പോകാൻ ആകാത്ത സാഹചര്യത്തിൽ എങ്ങനെയാണ് പിഴ അടയ്ക്കുക. ഹൈക്കോടതിയിൽ പോയി പിഴ തുകയുടെ പത്ത് ശതമാനം അടച്ചാൽ മതിയെന്ന ഉത്തരവ് വാങ്ങിയിട്ടും നഗരസഭ ചെയർപേഴ്സൺ ക്രൂരമായി പെരുമാറി. സ്ഥാപനം അടച്ചിട്ടതോടെ തൊഴിലാളികളുടെ കുടുംബങ്ങൾപോലും വഴിയാധാരമായി.
സ്ഥാപനത്തിൽ ഫർണിച്ചറുകൾ മഴ നനയാതിരിക്കാൻ ഷീറ്റ് ഇട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. എന്നാൽ ഷീറ്റ് ഇടാൻ നിർദേശിച്ചത് നഗരസഭ ആരോഗ്യവിഭാഗം ആണെന്നു കബീർ പറയുന്നു.
നഗരസഭയിൽ കയറിയിറങ്ങി അപേക്ഷിച്ചിട്ടും നഗരസഭ അദ്ധ്യക്ഷയും അധികൃതരും ഉദ്യോഗസ്ഥരും കനിഞ്ഞില്ല. ഒരു മറുപടിയും നൽകിയില്ല. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും ആരോടും ഒരു പ്രശ്നത്തിനും പോയിട്ടില്ലെന്നും എന്നിട്ടും തന്നെ എന്തിനാണ് ഇങ്ങനെ ദ്രോഹിച്ചതെന്നുമുള്ള കബീറിന്റെ ചോദ്യത്തിന് അധികൃതർ മറുപടി പറഞ്ഞേ തീരൂ.
നഗരസഭയുടെ നിരന്തരപീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തിൽ പറഞ്ഞിരുന്നു.
നാടുവിട്ട രാജ് കബീറിന്റേയും ഭാര്യ ശ്രീവിദ്യയുടേയും മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നുള്ള പരിശോധനയിലാണ് ഇവരെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് ഡി.ഐ.ജി രാഹുൽ ആർ. നായരുടെ നിർദ്ദേശപ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് ദമ്പതികളെ കണ്ടെത്തി നാട്ടിലെത്തിക്കുകയായിരുന്നു
ഇതിനിടെ ദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി തലശേരി നഗരസഭ അദ്ധ്യക്ഷയും രംഗത്തെത്തി. നഗരസഭയെ കരുതിക്കൂട്ടി ആക്രമിക്കാൻവേണ്ടിയാണ് രാജ് കബീറും ശ്രീവിദ്യയും നാട് വിട്ടതെന്ന് നഗരസഭാ അദ്ധ്യക്ഷ പറഞ്ഞു. സ്ഥാപനത്തിന് മുന്നിൽ ഷീറ്റ് ഇട്ടതിനാണ് നാലര ലക്ഷം രൂപ പിഴയിട്ടത്. ഭരണ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ വ്യവസായി നടത്തുന്നത്. വ്യവസായവകുപ്പ് ഈ വിഷയത്തിൽ നഗരസഭയുമായി ഒരു സംഭാഷണവും നടത്തിയിട്ടില്ലെന്നാണ് അവരുടെ വാദം.
തലശ്ശേരിയിലെ വ്യവസായ സ്ഥാപനം ഒഴിപ്പിക്കാനുള്ള നീക്കമാണ് നഗരസഭയുടേതെന്നാണ് രാജ് കബീറിന്റെ കുടുംബം ആരോപിക്കുന്നു. ഭൂമി മറ്റുള്ളവർക്ക് നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഭീമമായ പിഴയിടൽ. ശക്തമായ ഭീഷണിയും സമ്മർദ്ദവും താങ്ങാനാകാതെയാണ് രാജ്കബീറും ഭാര്യയും നാട് വിട്ടതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു.
ദമ്പതികളുടെ തിരോധാനത്തിൽ വ്യവസായവകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ഇടപെട്ടതോടെയാണ് പ്രശ്നപരിഹാരത്തിനുള്ള വഴി തുറന്നത്. സ്ഥാപനം തുറന്നു കൊടുക്കാനുള്ള സഹായം വ്യവസായ വകുപ്പ് നൽകുമെന്ന മന്ത്രി പി.രാജീവിന്റെ ഉറപ്പും പിന്നാലെ വന്നു.
ഇത്തരം ഉറപ്പാണ് വ്യവസായികൾ മന്ത്രിമാർ ഉൾപ്പടെയുള്ള ജനപ്രതിനിധികളിൽ നിന്നും പ്രതീക്ഷിക്കുന്നത്. വ്യവസായികൾ നാടു കടത്തപ്പെടേണ്ടവരല്ലെന്നും അവരെ ചേർത്തു പിടിക്കുകയാണ് വേണ്ടതെന്നുമുള്ള തിരിച്ചറിവുണ്ടായാൽ അതു കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുമെന്ന കാര്യത്തിൽ തർക്കമില്ല.