1

കരിവെള്ളൂർ: ഓണത്തിന് കുണിയൻ ദേശക്കാർക്ക് മറുനാടൻ പൂക്കളുടെ പിറകിൽ പോകേണ്ടിവരില്ല. ഒരുക്കാൻ ചെണ്ടുമെല്ലി തോട്ടം തീർത്തിരിക്കുകയാണ് അഞ്ച് വനിതകളുടെ സംഘം.നാട്ടിൽ നട്ടുവളർത്തിയ ചെണ്ടുമല്ലി മൊട്ടിട്ടു പൂത്തുലഞ്ഞതോടെ മറുനാടൻ പൂക്കളെ തള്ളിക്കളഞ്ഞിരിക്കുകയാണ് ഒരു നാട്.

മഞ്ഞയും ഓറഞ്ചും നിറഞ്ഞ ചെണ്ടുമല്ലി പാടം തമിഴ്നാട്ടിലെ പൊള്ളാച്ചി ഓർമ്മിപ്പിക്കും. ഓണത്തിന് ഒരു കൊട്ട പൂവ്' എന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുക്കിയ കൃഷിയിൽ നൂറുമേനി കൊയ്തിരിക്കുകയാണ് കാസർകോട്, കണ്ണൂർ ജില്ലകളുടെ അതിർത്തിയിലുള്ള ഈ ഗ്രാമത്തിലെ അഞ്ചു വനിതകൾ. പഞ്ചായത്തംഗം പ്രഭാവതിയുടെ നേതൃത്വത്തിൽ പ്രസീത, ആശ, സുലോചന, വിദ്യ എന്നിവരാണ് ഈ ചെണ്ടുമല്ലി വസന്തത്തിന് പിന്നിൽ.

വിളവെടുത്തു തുടങ്ങിയതോടെ കൂടുതൽ പേർ പൂക്കൾ വാങ്ങാനെത്തുന്നുണ്ടെന്ന് പ്രഭാവതി പറഞ്ഞു. കുണിയൻ പറമ്പത്ത് ഭഗവതി എൽ.പി സ്‌കൂൾ പരിസരത്തായിരുന്നു കൃഷി. സ്‌കൂൾ അധികൃതർ അനുവദിച്ചു നൽകിയ പത്തുസെന്റ് സ്ഥലത്ത് ജൂണിലായിരുന്നു തുടക്കം. ജില്ലാ പഞ്ചായത്ത് കൃഷിഭവൻ മുഖേനയാണ് ഇവർക്ക് തൈകൾ ലഭിച്ചത്. കൃഷിഭവൻ ഉദ്യോഗസ്ഥർ ഇവർക്കു വേണ്ട പരിശീലനം നൽകിയിരുന്നു. പ്രതീക്ഷ വച്ചതിന്റെ ഇരട്ടി വിളവാണ് ഇവർക്ക് ലഭിച്ചത്. വിളവെടുപ്പ് തുടങ്ങി ഒരാഴ്ചക്കകം തന്നെ 35 കിലോ പൂക്കൾ ഇവർ വിപണിയിലെത്തിച്ചു. ഓണത്തോടെ ഒന്നര ക്വിന്റലോളം പൂക്കൾ നൽകാൻ കഴിയുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഓണക്കാലത്ത് അന്യ സംസ്ഥാനത്തെ ആശ്രയിക്കാതെ എങ്ങനെ സ്വന്തമായി പൂക്കൾ ഉണ്ടാക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇവർ. പരീക്ഷണാർത്ഥം നടത്തിയ ചെണ്ടുമല്ലി കൃഷി നൂറുമേനി വിളഞ്ഞതോടെ അടുത്ത വർഷവും കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ് ഈ സ്ത്രീ കൂട്ടായ്മ.