
ചീമേനി: ചീമേനി ടൗണിലുള്ള സപ്ലൈകോ സൂപ്പർ മാർക്കറ്റിൽ നിന്നും പണം കവർന്നു. കഴിഞ്ഞ രാത്രിയാണ് സംഭവം. സൂപ്പർ മാർക്കറ്റിന്റെ ഷട്ടറിന്റെ രണ്ടു പൂട്ടുകൾ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നത്. മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പതിനഞ്ചായിരം രൂപ കവരുകയും നിത്യോപയോഗ സാധനങ്ങൾ വാരി വലിച്ചിടുകയും ചെയ്തു.
സാധനങ്ങളെല്ലാം ചിന്നിച്ചിതറി കിടക്കുന്ന നിലയിലായിരുന്നു. വിവരം അറിഞ്ഞു ചീമേനി എസ്.ഐ മാരായ അജിത, ബാബു, എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി പരിശോധന നടത്തി. കാസർകോട് നിന്ന് ഡോഗ സ്ക്വാഡും വിരലടയാള വിദഗ്ദ്ധ രജിതയും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സൂപ്പർ മാർക്കറ്റിൽ നിന്ന് മൂന്ന് വിരലടയാളങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചു വരികയാണ്. പൊലീസ് നായ 100 മീറ്ററോളം ഓടിയ ശേഷം നിൽക്കുകയായിരുന്നു. രാത്രിയായാൽ വെളിച്ചം കുറവുള്ള സ്ഥലം ആയതിനാൽ മോഷ്ടാക്കൾക്ക് അകത്തു കടക്കാൻ എളുപ്പമായിരുന്നു എന്ന് പറയുന്നു. മോഷ്ടാവിന് ഷട്ടറിന്റെ പൂട്ട് മാത്രമാണ് പൊളിക്കേണ്ടി വന്നത്. മേശവലിപ്പിന്റെയും അലമാരയുടെയും താക്കോൽ കൂട്ടങ്ങൾ അവിടെ തന്നെ പൂട്ടാതെ വച്ച നിലയിൽ ആയിരുന്നു. വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെ പൂട്ടിയതാണ് കട. ആറു ജീവനക്കാർ ആണ് ഷോപ്പിലുള്ളത്. രാവിലെ ബാങ്കിൽ അടക്കാൻ വച്ചിരുന്ന പണമാണ് മോഷ്ടിച്ചത്.