p

തലശേരി: ഭൂമി കൈയേറിയെന്ന് ആരോപിച്ച് വ്യവസായ സ്ഥാപനത്തിന് തലശേരി നഗരസഭ നാലു ലക്ഷം രൂപ പിഴയിടുകയും പൂട്ടിയെടുക്കുകയും ചെയ്തതോടെ മനംമടുത്ത് കഴിഞ്ഞ ചൊവ്വാഴ്ച നാടുവിട്ട രാജ് കബീർ തായാട്ടിനെയും ഭാര്യ ശ്രീവിദ്യയെയും ഇന്നലെ പൊലീസ് കോയമ്പത്തൂരിൽ കണ്ടെത്തി നാട്ടിലെത്തിച്ചു.

പിന്നാലെ, എരഞ്ഞോളി കണ്ടിക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ ഇരുവരുടെയും പേരിലുള്ള ബ്ളൂചിപ്പ് ഫർണിച്ചർ ഫാക്ടറി തുറന്നു കൊടുക്കാൻ നഗരസഭ ഉത്തരവിട്ടു. എന്നാൽ, സ്ഥാപനത്തിന്റെ താക്കോൽ വാങ്ങാൻ വിളിച്ചുവരുത്തിയ ഉടമയുടെ സഹോദരനെ അതു നൽകാതെ മടക്കി അയയ്ക്കുകയും ചെയ്തു. ദമ്പതികൾ നേരിട്ടെത്തണമെന്നാണ് അധികൃതരുടെ നിലപാട്.

വ്യവസായ മന്ത്രി പി. രാജീവ് ഇടപെടുകയും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന്റെ ഓഫീസിൽ നിന്നു പ്രശ്നം

പരിഹരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തശേഷമാണ് നഗരസഭ കടുംപിടിത്തം ഉപേക്ഷിച്ച് പ്രവർത്തനാനുമതി കൊടുക്കാൻ തയ്യാറായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദമ്പതികൾ നാടുവിട്ടത്.

നഗരസഭയ്ക്ക് എതിരെ കത്തെഴുതി വച്ച് നാട് വിട്ട രാജ് കബീറിന്റെയും ശ്രീവിദ്യയുടേയും മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നുള്ള പരിശോധനയിലാണ് കോയമ്പത്തൂരിൽ കണ്ടെത്തിയത്. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നു. നഗരസഭാ അധികൃതരുടെ നിഷേധാത്മക സമീപനത്തെ തുടർന്ന് വ്യവസായം മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത സ്ഥിതിയിലാണ്

നാടുവിട്ടതെന്ന് രാജ് കബീർ പറഞ്ഞു.

വ്യവസായ മന്ത്രി പി. രാജീവ് ഉൾപ്പെടെയുള്ളവരിൽ നിന്നു അനുകൂല സമീപനമുണ്ടായെങ്കിലും നഗരസഭാ അധികൃതർ നീതികേട് കാട്ടി. സ്ഥാപനം പൂട്ടിയതോടെ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടായി. സാഹചര്യം വിശദീകരിച്ചിട്ടും നഗരസഭാ ചെയർപേഴ്സൺ ഗൗനിച്ചില്ല. ഹൈക്കോടതിയിൽപോയി പിഴ തുകയുടെ പത്ത് ശതമാനം അടച്ചാൽ മതിയെന്ന ഉത്തരവ് വാങ്ങി തുക അടച്ചു. എന്നിട്ടും താക്കോൽ തന്നില്ല. ക്രൂരമായി പെരുമാറി.

 നഗരസഭാ അധികൃതർ പറയുന്നത്

2006ൽ രാജ് കബീറും ഭാര്യയും ചേർന്ന് തുടങ്ങിയ സ്ഥാപനത്തിന്റെ മുന്നിലായി ഫർണിച്ചറുകൾ സൂക്ഷിക്കുന്നതിനായി കെട്ടിയ സിങ്ക് ഷീറ്റ് പൊളിച്ചു മാറ്റാൻ കഴിഞ്ഞ വർഷം ജൂലായ് 7ന് നോട്ടീസ് നൽകിയിരുന്നു. ജൂലായ് 21ന് വീണ്ടും നോട്ടീസ് അയച്ചു. മറുപടിയില്ലാതായതോടെ ഈ മാസം 6നാണ് അടച്ചുപൂട്ടിയത്. പിഴയുടെ പത്തുശതമാനം സ്വീകരിച്ചെങ്കിലും കോടതി ഉത്തരവ് കിട്ടിയശേഷം തുടർ നടപടി സ്വീകരിക്കാമെന്നാണ് പറഞ്ഞത്.

'നഗരസഭയുടെ സ്ഥലം കൈയേറി ഷീറ്റ് ഇട്ടതിന് നോട്ടീസ് നൽകി ഒരു വർഷം കഴിഞ്ഞശേഷമാണ് സ്ഥാപനം പൂട്ടിയത്".

- ജമുനാ റാണി, ചെയർപേഴ്സൺ

'നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ വാക്കാലുള്ള സമ്മതത്തോടെയാണ് ഷീറ്റിട്ടത്. നഗരസഭയിൽ കയറിയിറങ്ങി അപേക്ഷിച്ചിട്ടും കനിഞ്ഞില്ല".

-രാജ് കബീർ

'സംരംഭങ്ങളിൽ എന്തെങ്കിലും കുറവുണ്ടായാൽ എങ്ങനെ സഹായിക്കാമെന്നാണ് സർക്കാർ സംവിധാനങ്ങൾ നോക്കേണ്ടത്. ഓരോ സംവിധാനത്തിനും അതിന്റേതായ അധികാരങ്ങളുണ്ട്. അതിനപ്പുറത്തേക്ക് ആരും പോകരുത്".

- പി. രാജീവ്, വ്യവസായ മന്ത്രി