
തലശ്ശേരി: ശ്രവണസുഭഗമായ സോപാന സംഗീതത്തിന് മോഹിനിയാട്ട ആവിഷ്കാരവുമായി പ്രശസ്ത നർത്തകി മണിമേഖല.
പ്രാണാ അക്കാഡമി ഒഫ് പെർഫോമിംഗ് ആർട്സ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ഫൗണ്ടർ ആൻഡ് മാനേജിംഗ് ട്രസ്റ്റിയായ ഈ നർത്തകി ആദിപരാശക്തിയായ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെയാണ് നവദുർഗ്ഗ മോഹിനിയാട്ടമായി അവതരിപ്പിക്കുന്നത്.
ഏലൂർ ബിജുവാണ് സോപാനസംഗീതം ആലപിക്കുന്നത്. ധർമ്മതീർത്ഥനാണ് വീണ കൈകാര്യം ചെയ്യുന്നത്..
നവരാഗങ്ങളിൽ രാഗമാലികയിലാണ് നവദുർഗ്ഗ ചിട്ടപ്പെടുത്തിയിരിക്കുന്നത്.കോഴിക്കോട് തൃക്കുറ്റിശ്ശേരി പാലക്കാട്ടില്ലത്തെ കാർത്തിക ശിവപ്രസാദ് രചിച്ച നവദുർഗ്ഗ സ്തുതിയാണ് ഈ മോഹിനിയാട്ടത്തിനാധാരം. സിദ്ധാപുത്തൂർ അയ്യപ്പക്ഷേത്രം തന്ത്രി പാലക്കാട്ടില്ലത്ത് ശിവപ്രസാദ് നമ്പൂതിരിയുടെ മകളാണ് കാർത്തിക ശിവപ്രസാദ്.
നവദുർഗ്ഗ മോഹിനിയാട്ട നൃത്താവിഷ്‌ക്കാരത്തിന്റെ കൊറിയോഗ്രാഫി നിർവ്വഹിച്ചിരിക്കുന്നത് മണിമേഖലയും കോട്ടക്കൽ രാജുമോഹൻ ആശാനുമാണ്. സംഗീത സംവിധാനം ഏലൂർ ബിജുവാണ് നിർവ്വഹിച്ചത്. സെപ്തംബർ നാലിന് സോപാനം സ്‌കൂളും പഞ്ചവാദ്യ ട്രസ്റ്റും കേന്ദ്ര സാംസ്‌കാരിക വകുപ്പും ചേർന്ന് നടത്തുന്ന സോപാനം വാദ്യകലാ ഫെസ്റ്റിന്റെ ഭാഗമായി നവദുർഗ്ഗ വേദിയിലെത്തും.
ചിത്രവിവരണം: വിഖ്യാത മോഹിനിയാട്ടം നർത്തകി മണിമേഖല ടീച്ചർ