twowheeler-gujiri-khd

കാഞ്ഞങ്ങാട്: ഇരുചക്ര വാഹനങ്ങൾ മോഷ്ടിച്ച് പൊളിച്ചു വിൽപ്പന നടത്തുന്ന സംഘം കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പിടിമുറുക്കി. മോഷണംപോയ 3 മോട്ടോർ ബൈക്കുകൾ ഗുജിരി കടയിൽ നിന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഇക്കാര്യം വെളിപ്പെട്ടത്. സ്ഥാപനങ്ങൾക്ക് മുൻപിലും റോഡരികിലും
നിർത്തിയിട്ട ബൈക്കുകളാണ് മോഷ്ടിച്ച ശേഷം ആക്രി കടയിൽ എത്തിച്ചു പൊളിച്ചു വിൽപന നടത്തുന്നത്.

ഇന്നലെ മോഷണംപോയ രണ്ട് മോട്ടോർ ബൈക്കുകൾ ആറങ്ങാടി കൂളിയങ്കാലിൽ നിന്നും പൊലീസും വാഹനത്തിന്റെ ഉടമയും ചേർന്ന് കണ്ടെത്തി. പാണത്തൂർ സ്വദേശി അബ്ദുൾ റഹ്മാന്റെ ഉടമസ്ഥതയിൽ പുതിയകോട്ടയിൽ ഉള്ള പഴയ മോട്ടോർ ബൈക്ക് വാഹന വില്പന സ്ഥാപനത്തിൽ നിന്നും രണ്ടു മോട്ടോർ ബൈക്കുകളാണ് ഒരാഴ്ചയ്ക്കിടെ മോഷണം പോയത്. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ബൈക്ക് മോഷണം പോയി.
പുതിയ കോട്ടയിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും മോഷണം പോയ മോട്ടോർ ബൈക്കു കളാണ് ഗുജിരി കടയിൽ നിന്നും കണ്ടെത്തിയത്. മാണിക്കോത്ത് നിന്നും മോഷണം പോയ മറ്റൊരു മോട്ടോർ ബൈക്ക് ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ആക്രി കടയിൽ നിന്നും കഴിഞ്ഞ ദിവസം ഉടമസ്ഥൻ പിടികൂടിയിരുന്നു. ഇഖ്ബാൽ നഗറിൽ നിന്നും മോഷണംപോയ മോട്ടോർ ബൈക്കും പുതിയ കോട്ടയിൽ നിന്നും മോഷണം പോയതും കണ്ടെത്താനായില്ല.

നിറുത്തിയിട്ട ബൈക്കുകൾ

തള്ളി കൊണ്ടുപോകുന്നു

റോഡ് വക്കിലും സ്ഥാപനങ്ങൾക്ക് മുമ്പിലും നിറുത്തിയിട്ടിരുന്ന മോട്ടോർ ബൈക്കുകൾ തള്ളിക്കൊണ്ടു പോയി ആക്രി കടയിൽ എത്തിച്ച ശേഷം ഇവ പൊളിച്ചു വിൽക്കുകയാണ് പതിവ്. ബൈക്ക് ഉടമസ്ഥൻ പാണത്തൂർ സ്വദേശി റഹ്മാൻ വിവിധ ആക്രി കടകളിൽ കയറി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അദ്ദേഹത്തിന്റെ ഒരു ബൈക്ക് കണ്ടെത്താനായത്. തുടർന്ന് ഹൊസ്ദുർഗ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് സ്ഥലത്തെത്തി രണ്ട് ബൈക്കുകൾ കസ്റ്റഡിയിലെടുത്തത്.