കൊട്ടിയൂർ: പാൽച്ചുരം- ബോയ്സ് ടൗൺ റോഡിൽ മാലിന്യം തള്ളുന്ന വാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ മാലിന്യം തള്ളുന്നകാര്യം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയെടുക്കാതായതോടെ ചുരം പാതയുടെ പാർശ്വങ്ങളിൽ അറവുമാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് പതിവായിരിക്കുകയാണ്.
പാൽച്ചുരം മുതൽ ബോയ്സ് ടൗൺ വരെയുള്ള ചുരം റോഡിലൂടെ മൂക്ക് പൊത്താതെ പോകാൻ കഴിയാത്ത അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു. ആദ്യകാലങ്ങളിൽ ചുരങ്ങൾക്ക് താഴെയാണ് അറവു മാലിന്യം ഉൾപ്പെടെയുള്ളവ നിക്ഷേപിച്ചിരുന്നെങ്കിൽ നിലവിൽ റോഡരികുകളിൽ ആണ് തള്ളിയിരിക്കുന്നത്. വലിയ ചാക്കുകളിൽ കുത്തിനിറച്ച് മാലിന്യം തള്ളുന്നത് തുടരുമ്പോൾ ആരോട് പറയാൻ, ആര് കേൾക്കാൻ എന്നെക്കെ നാട്ടുകാർ നിസ്സഹായരായി പറയുന്നു.
ഈ മഴക്കാലത്ത് പഴകിയ അറവുമാലിന്യങ്ങൾ ചെകുത്താൻ തോട്ടിലും കാണപ്പെടുന്നുണ്ട്. ഇത് ബാവലിപ്പുഴയിൽ എത്തുന്നതോടെ വെള്ളം ഉപയോഗിക്കുന്നവർക്ക് രോഗങ്ങൾ പിടിപെടുന്നതുൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് സാദ്ധ്യത കൂടുതലാണെന്നും പഞ്ചായത്തും പൊലീസും ഇടപെട്ട് മാലിന്യം നിക്ഷേപിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും നാട്ടുകാർ പറയുന്നു.