
കണ്ണൂർ:ചെറുകിട സംരംഭകരുടെ വയറ്റത്തടിക്കുന്ന നയമാണ് സർക്കാരും ഇടതുമുന്നണി നിയന്ത്രണത്തിലുള്ള തദ്ദേശസ്വയംഭരണ സമിതികളും സ്വീകരിക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി പ്രസ്താവിച്ചു.
തലശ്ശേരി നഗരസഭയുടെ പിടിവാശികാരണം ഫർണീച്ചർ വ്യവസായത്തിന് താഴിട്ട് നാടുവിടേണ്ടി വന്ന ദമ്പതികളുടെ ഇന്നത്തെ ദുരവസ്ഥയ്ക്ക് ഉത്തരവാദി വ്യവസായ വകുപ്പും സി.പി.എം നിയന്ത്രണത്തിലുള്ള നഗരസഭയുമാണ്.നിസ്സാരകാര്യങ്ങൾക്ക് ലക്ഷങ്ങളുടെ പിഴ ഈടാക്കി തലശ്ശേരി നഗരസഭ ഇവരെ പീഡിപ്പിക്കുകയായിരുന്നു. നഗരസഭയുടെ പിഴത്തുകയുടെ പത്തുശതമാനം അടച്ച് സ്ഥാപനം പ്രവർത്തിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടും തലശ്ശേരി നഗരസഭ വഴങ്ങാതിരുന്നതാണ് ഇവർ നാടുവിടാനുണ്ടായ സാഹചര്യം.കേരളം നിക്ഷേപ സൗഹൃദമെന്ന് കൊട്ടിഘോഷിക്കുന്ന സർക്കാരിന്റെ വാദം പൊള്ളത്തരവും നാട്യവുമാണെന്ന് ബോധ്യപ്പെടുന്നതാണ് ഈ സംഭവം. സിപിഎം ഭരണസമിതി കട അടച്ചുപൂട്ടിപ്പിച്ച നടപടി വിവാദമായപ്പോൾ കടതുറക്കാൻ അനുമതി നൽകി കൈയ്യടി നേടാനാണ് ഇപ്പോൾ സർക്കാരും വ്യവസായ വകുപ്പും മന്ത്രിയും ശ്രമിക്കുന്നതെന്നും സുധാകരൻ കുറ്റപ്പെടുത്തി.