
കണ്ണൂർ: ചാല ഗ്യാസ് ടാങ്കർ ദുരന്തത്തിന് ഇന്നേക്ക് പത്തുവർഷം തികയുന്നു. 2012 ആഗസ്റ്റ് 27ന് രാത്രി 11 മണിയോടെയായിരുന്നു മംഗ്ളൂരിൽ നിന്നും ചാല വഴി കോഴിക്കോട്ടേ ചേളാരിയിലേക്ക് പാചക വാതകം കൊണ്ടുപോകുന്ന ടാങ്കർ ലോറി ചാലയിലെ റോഡിലുള്ള ഡിവൈഡറിൽ തട്ടി മറിഞ്ഞ് പൊട്ടിത്തെറിച്ചത്. അപകടത്തിൽ 20 പേർ മരിക്കുകയും അൻപതോളം പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു.
ടാങ്കർ ഡിവൈഡറിൽ തട്ടി മറിയുകയും പിന്നീട് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഉത്രാട നാളിലായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം ഉണ്ടായത്. ബസിനെ മറികടക്കുന്നതിനിടെ മീഡിയനിൽ കയറുകയും അമിത വേഗതയിലായിരുന്ന ടാങ്കർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. താരതമ്യേന തിരക്ക് കുറഞ്ഞ റോഡും തിരുവോണത്തലേന്നുമായതിനാൽ തന്നെ അപകടത്തിൽപെട്ട ടാങ്കറിന്റെ രക്ഷയ്ക്ക് പെട്ടെന്ന് ആരും എത്തിയില്ല. ഡ്രൈവറെ ക്യാബിനിൽ നിന്ന് പുറത്തെത്തിക്കുമ്പോഴേക്കും സേഫ്റ്റി വാൾവ് വഴി ഗ്യാസ് ലീക്കായി തുടങ്ങിയിരുന്നു.
ഡ്രൈവറുടെ നിർദ്ദേശപ്രകാരം അവിടെ ഉണ്ടായിരുന്നവർ നാട്ടുകാരെ അറിയിച്ച് വൈദ്യുതിബന്ധം വിച്ഛദിച്ചു. ഫയർ ഫോഴ്സിനെയും പൊലീസിനെയും വിവരം അറിയിച്ച് നാട്ടുകാരോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാനുള്ള നിർദ്ദേശങ്ങൾ നൽകുന്നതിനിടയിലാണ് ടാങ്കർ അഗ്നിഗോളമായത്.. സ്ഥലത്തെത്തിയ ഫയർഫോഴ്സിനും പൊലീസിനും സംഭവ സ്ഥലത്തേക്ക് ആളുകൾ പ്രവേശിക്കുന്നത് തടയുക അല്ലാതെ വേറൊന്നും പിന്നീട് ചെയ്യാനുണ്ടായിരുന്നില്ല. ടാങ്കറിനകത്തേക്ക് തീ പടർന്നതോടെ ഉഗ്രസ്ഫോടനമുണ്ടായി. ടാങ്കിന്റെ പാർട്സുകൾ കിലോമീറ്ററുകൾ ദൂരെയാണ് പതിച്ചത്. പുറത്തിറങ്ങിയ പലരെയും അഗ്നി വിഴുങ്ങി. മിനിറ്റുകളോളം പ്രദേശം നിന്നു കത്തി. തീ അടങ്ങിയപ്പോൾ കത്തിക്കരിഞ്ഞ ജഢങ്ങളും പൊള്ളയടർന്നുനിൽക്കുന്നവരെയുമാണ് കണ്ടത്. ആ നാടിനെ ഒന്നാകെ തീ വിഴുങ്ങിയതിന്റെ യഥാർത്ഥ ചിത്രം ജനം അറിഞ്ഞത് പിറ്റേന്നാണ്.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ 20 പേർ ദുരന്തത്തിൽ മരിച്ചു. അഞ്ചുവീടുകൾ പൂർണമായും കത്തിനശിച്ചു. മുപ്പതോളം വീടുകൾക്ക് കേടുപറ്റി. അറുപതിലേറെ പേർക്ക് പരിക്കേറ്റു. കാർഷികവിളകൾ കത്തിക്കരിയുകയും വളർത്തുമൃഗങ്ങൾ കൊല്ലപ്പെടുകയും ചെയ്തു. ദുരന്തത്തിൽ മൂന്ന് കുടുംബങ്ങൾ നാമാവശേഷമായി. ഉറ്റവരുടെ മൃതദേഹങ്ങൾ കാണാനോ ഏറ്റെടുക്കാനോ ആരുമില്ലാത്ത വീടുകൾ. തുടർന്നുളള ഏതാനും നാളുകൾ ഓരോ ദിവസവും കേട്ടത് ഓരോ മരണ വാർത്തകളായിരുന്നു.
അതിജീവിച്ച് ചാല
അതി ജീവനത്തിന്റെ വഴിയിലൂടെ ചാല ഇന്ന് ഏറെ മാറി. പ്രത്യക്ഷത്തിൽ ദുരന്തത്തിന്റെ ഒരു ശേഷിപ്പും ഇന്ന് പ്രദേശത്തില്ല. പക്ഷേ ഇതുവഴി കടന്നു പോവുന്ന ഏതൊരാളും ഇന്നും ആ ദുരന്തത്തെ ഓർക്കും.